2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

മാധ്യമങ്ങള്‍ കാണാതെപോയ സുപ്രിംകോടതിവിധി

അല്‍ ഉമ്മ തലവന്‍ ബാഷ
1993 ആഗസ്ത് എട്ടിന് ചെന്നൈയിലെ ആര്‍.എസ്.എസ്. ഹെഡ് ക്വാട്ടേഴ്സില്‍ ബോംബ് പൊട്ടിക്കുകയും അതുവഴി 11 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട മൂന്നു മുസ്ലിം ചെറുപ്പക്കാരെ സുപ്രിംകോടതി ഈയിടെ വിട്ടയച്ചു.  പക്ഷേ, ഈ വിധി വലിയ ചര്‍ച്ചകളൊന്നുമില്ലാതെ മാധ്യമങ്ങള്‍ ഒതുക്കി. ഇങ്ങനെ കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ കാര്യത്തില്‍ സവര്‍ണപൊതുബോധത്തിന്റെ മാറാപ്പു പേറുന്ന പൊതുസമൂഹവും മാധ്യമങ്ങളും നിസ്സംഗത തുടരാന്‍ തന്നെയാണിട. മലേഗാവ് കേസിന്റെ പേരില്‍ തുറുങ്കിലുള്ള മുസ്ലിം ചെറുപ്പക്കാരോടു ഗുണാത്മകമായി സംവദിക്കാന്‍ പോലും അറച്ചുനില്‍ക്കുകയാണല്ലോ ഇപ്പോഴും ഈ പൊതുബോധം.


1993 ആഗസ്ത് എട്ടിനാണു കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. 1992 ഡിസംബര്‍ ആറിന്റെ ബാബരിധ്വംസനത്തോടനുബന്ധിച്ചു മുസ്ലിംഭീകരവാദികള്‍ ഹിന്ദുസംഘടനകള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ നിരവധി സംഭവങ്ങളില്‍ ഒന്നാണിതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ചെന്നൈയിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തു പ്രതികള്‍ ബോംബ് വയ്ക്കുകയും സ്ഫോടനത്തില്‍ 11 പേര്‍ വധിക്കപ്പെടുകയും ചെയ്തുവെന്നും കേസുണ്ടായിരുന്നു. ആകെ 18 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ബാഷ, പളനിബാബ, ഇമാം അലി എന്നിവരൊക്കെ ഉള്‍പ്പെട്ടതായിരുന്നു പ്രതിപ്പട്ടിക. കേസില്‍ വിധി വരുന്നതിനുമുമ്പുതന്നെ 1997ല്‍ പളനിബാബയും 2002ല്‍ ഇമാം അലിയും കൊല്ലപ്പെട്ടു. ടാഡ കോടതിയിലായിരുന്നു കേസിന്റെ വിചാരണ. ആര്‍.ഡി.എക്സ്. ഉപയോഗിച്ചു നടത്തിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഫോടനമെന്നു ടാഡ കോടതി ജഡ്ജി ടി. രാമസ്വാമിയുടെ പരാമര്‍ശം. 505 പേജ് വരുന്ന വിധിന്യായത്തില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു.


കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച സുപ്രിംകോടതി പ്രതികളെ വെറുതെവിടുകയാണു ചെയ്തത്. പ്രോസിക്യൂഷന്‍ തന്ത്രപൂര്‍വം മെനഞ്ഞ കെട്ടുകഥയുടെ മര്‍മത്തിലാണു സുപ്രിംകോടതിയുടെ ചുറ്റിക ആഞ്ഞുപതിച്ചത്. ജലാറ്റിന്‍ ഉപയോഗിച്ചു നടത്തപ്പെട്ടുവെന്നു പറയുന്ന സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളിലൊന്നും തന്നെ അതിന്റെ അംശങ്ങള്‍ കാണാനായില്ലെന്ന ശാസ്ത്രീയപരീക്ഷണഫലമാണു കോടതി പരിഗണിച്ചത്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച 30 ലോറി നിറയെ വരുന്ന അവശിഷ്ടങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലാണു പരിശോധനയ്ക്കു വിധേയമാക്കിയത്.


ഗുഡിയതാമില്‍ നിന്നു സ്ഫോടനത്തിനായി പ്രതികള്‍ 13 കിലോ ജലാറ്റിന്‍ വാങ്ങിയെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചെങ്കിലും അതിനു പിന്നീടെന്തു സംഭവിച്ചുവെന്നു പറയുന്നില്ല. ശവശരീരങ്ങളിലും വസ്ത്രങ്ങളിലും കെട്ടിടഭാഗങ്ങളിലുമെല്ലാം ആര്‍.ഡി.എക്സിന്റെ അംശങ്ങളാണു കണ്െടത്താന്‍ സാധിച്ചത്. ജലാറ്റിന്റെ യാതൊരു സൂചനയും കണ്െടത്താനായില്ല. ജലാറ്റിനല്ലാതെ മറ്റൊരു സ്ഫോടകവസ്തുവിനെക്കുറിച്ചും പ്രതികള്‍ കുറ്റസമ്മതം നടത്തുകയുമുണ്ടായില്ല. പോലിസിനാവട്ടെ, മറ്റു സ്ഫോടകവസ്തുക്കളിലേക്കു നയിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാനും കഴിഞ്ഞില്ല.


ആര്‍.ഡി.എക്സിനെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുവരാനുള്ള സാധ്യത പക്ഷേ, കുതന്ത്രശാലികളായ അന്വേഷണോദ്യോഗസ്ഥര്‍ നേരത്തേ പ്രതീക്ഷിച്ചിരുന്നു. അതിനവര്‍ തങ്ങളുടെ ബുദ്ധിയിലുദിച്ച 'മഹത്തായ' ഉത്തരം കണ്െടത്തി അവതരിപ്പിക്കുകയും ചെയ്തു. ഇമാം അലിക്കും മുഷ്താഖ് അഹ്മദിനും മാത്രമേ ഇതിനെക്കുറിച്ച് അറിയാവൂ എന്നാണവര്‍ ബോധിപ്പിച്ചത്. ഇമാം അലി അന്വേഷണത്തിനിടെ കൊല്ലപ്പെട്ടു. മുഷ്താഖ് അഹ്മദിനെ പിടികൂടാന്‍ സാധിച്ചതുമില്ല. തന്ത്രപരമായ പ്രോസിക്യൂഷന്‍ നീക്കത്തെ മുഖവിലയ്ക്കെടുക്കാന്‍ സുപ്രിംകോടതി തയ്യാറായില്ല.


പ്രതികള്‍ വാങ്ങിയെന്നു പറയുന്ന സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചില്ല; ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ വാങ്ങിയതായി തെളിവുമില്ല. എന്നിട്ടും മൂന്നു പ്രതികള്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു. അന്വേഷണത്തിനിടെ, കൊടുംഭീകരവാദിയായി മുദ്രയടിക്കപ്പെട്ട ഇമാം അലിക്കും പളനിബാബയ്ക്കും ജീവന്‍ തന്നെ നല്‍കേണ്ടിവന്നു.


അബൂബക്കര്‍ സിദ്ദീഖ്, റഫീഖ് അഹ്മദ്, ഹൈദര്‍ അലി തുടങ്ങിയവരെ വിട്ടയച്ചുകൊണ്ടു സുപ്രിംകോടതി ജഡ്ജിമാരായ സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്. നിജ്ജാര്‍ എന്നിവരുടെ വിധി പുറത്തുവന്നെങ്കിലും ആശങ്കയുണര്‍ത്തുന്ന ഒരു ചോദ്യം ബാക്കിനില്‍ക്കുന്നുണ്ട്. 1993ല്‍ ചെന്നൈ ആര്‍.എസ്.എസ്. ആസ്ഥാനം തകര്‍ക്കാനും 11 പേരെ വധിക്കാനും ഇടയാക്കിയ സ്ഫോടനത്തിനുപയോഗിച്ച ആര്‍.ഡി.എക്സ്. എവിടെനിന്നു വന്നു?


തങ്ങളുടെ മുന്നിലെത്തുന്ന കേസിന്റെ ന്യായാന്യായങ്ങള്‍ സംബന്ധിച്ചു വിധികല്‍പ്പിക്കേണ്ട ബാധ്യത മാത്രമേ കോടതികള്‍ക്കുള്ളൂ. പക്ഷേ, ഇന്ത്യയുടെ ഭാവിയില്‍ ഉല്‍ക്കണ്ഠയുള്ള പൌരസമൂഹത്തിന് ഇതിനേക്കാളേറെ ബാധ്യതയുണ്ട്. അടിക്കടി ഭീകരവാദികളാക്കപ്പെടുന്ന മുസ്ലിം സമുദായത്തിനാവട്ടെ, നിലനില്‍പ്പിനു പോലും ഈ അന്വേഷണം ഉപകാരപ്പെടും. പ്രത്യേകിച്ച്, മലേഗാവ്, മൊദാസ സ്ഫോടനകഥകളും അസിമാനന്ദ മൊഴികളും ഞെട്ടിച്ചുകൊണ്ടിരിക്കെ ആര്‍.ഡി.എക്സിന്റെ വരവ് അന്വേഷിച്ചാല്‍ ദക്ഷിണേന്ത്യയിലെ അസിമാനന്ദമാരെ കണ്െടത്തി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും. പക്ഷേ, പ്രമാദമായ കേസിലെ പ്രതിയായ സുരേഷ് നായരെ തിരയാന്‍ തയ്യാറല്ലെന്ന ധാര്‍ഷ്ട്യത്തില്‍ അടയിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഇത്തരം ബാധ്യത നിര്‍വഹിക്കാന്‍ കഴിയുമെന്ന വിശ്വാസം വലിയൊരളവോളം മൂഢത തന്നെയാവും.  


എം.എം. റഫീഖ്, 1 ഫെബ്രുവരി  2011 , തേജസ്‌ വാരിക                

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ഏഷ്യാനെറ്റ്‌ മുതലാളി കന്നഡ പ്രഭയില്‍ ആധിപത്യം നേടുന്നു

കര്‍ണാടകത്തിലെ നാലാം സ്ഥാനത്ത് നില്‍കുന്ന 'കന്നഡ പ്രഭ' പത്രത്തില്‍ ഏഷ്യാനെറ്റ്‌ മുതലാളിയും  കര്‍ണാടകത്തില്‍ നിന്നും ബി ജെ പി വിജയിപ്പിച്ചു  കയറ്റിയ രാജ്യ സഭ അംഗവുമാക്കിയ രാജീവ് ചന്ദ്രശേഖര്‍ തന്റെ  ഓഹരി വിഹിതം കൂടി കൊണ്ട് വരുന്നതായി 'ചുര്‍ മൂര്‍' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  ചെറിയൊരു  ഓഹരി എടുത്തു കയറി പറ്റിയ ഏഷ്യാനെറ്റ്‌ മുതലാളിയുടെ  ജുപിടര്‍ ഗ്രൂപ്പ്‌ ഇപ്പോള്‍ 48 ശതമാനം 'കന്നഡ പ്രഭ' ഓഹരി കയാളുന്നുവേന്നും അത്  ജൂണ്‍ മാസത്തോടെ  76  ശതമാനം ആകുമെന്നും റിപ്പോര്‍ട്ട്‌. 

ടി പി ജി നമ്പ്യാര്‍ എന്ന ബി പി എല്‍ ഫോണ്‍ സ്ഥാപകന്റെ മകള്‍  അഞ്ജു നമ്പ്യാരെ വിവാഹം കഴിച്ച  രാജീവ് ചന്ദ്രശേഖര്‍, പിന്നീട്  നമ്പ്യാരെ  നിയമ കുരുക്കില്‍  ഒതുക്കി ബി പി എല്‍ പിടിച്ചെടുത്ത പാരമ്പര്യമുള്ള ആളാണ്‌. 

രത്തന്‍ ടാറ്റ എന്ന പാഴ്സിക്ക്  2 ജി അനുമതി കിട്ടിയതില്‍ രാജീവ് ചന്ദ്രശേഖര്‍ ഉടമസ്ഥനായ ജുപിടെര്‍ ഗ്രൂപിന് കലി കയറിയിരിക്കുന്നു. ഇപ്പോള്‍ പ്രമാദമായ 2 ജി സ്പെക്ട്രം അഴിമതി വാര്‍ത്ത മാധ്യമങ്ങളില്‍  ബി ജെ പി ക്ക് വേണ്ടി ഉയര്‍ത്തി കൊണ്ട് വന്ന രാജീവ് ചന്ദ്രശേഖര്‍ യഥാര്‍ത്ഥത്തില്‍ അയാളുടെ ബിസിനസ്‌ താല്പര്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന ഒരു സവര്‍ണ ചാണക്യന്‍ ആണ്. അതിനു പറ്റിയ പാര്‍ടി ആയി അയാള്‍ ബി ജെ പി യെ കണ്ടു.  ബി ജെ പി പാര്‍ടിയുടെ അടുത്ത പത്തു വര്‍ഷത്തെ നയ പരിപാടികള്‍ നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടെയാണ്  രാജീവ് ചന്ദ്രശേഖര്‍.


മനോജ്‌ കുമാര്‍ സന്താലിയ എന്ന മറ്റൊരു സംഘ അനുകൂല വ്യവസായിയുടെ കീഴിലുള്ള ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഗ്രൂപ്പിന്റെ ഭാഗമാണ് കന്നഡ പ്രഭ. കര്‍ണാടകത്തിലെ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ വാര്‍ത്തകള്‍ ഈ പത്രത്തിലൂടെ സംഘ പരിവാരം നിര്‍മിക്കുന്നതാണ്.  കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി  കേന്ദ്ര മന്ത്രിയായിരുന്ന  അനന്ത് കുമാറിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആയി പ്രവര്‍ത്തിച്ച  വിശ്വേശ്വര്‍ ഭട്ട്  എന്ന ആര്‍ എസ് എസ് അനുകൂലി  കന്നഡ പ്രഭയുടെ പുതിയ എഡിറ്റര്‍ ആയി ചുമതല എടുത്തു കഴിഞ്ഞു.  വിജയ്‌ കര്‍ണാടക എന്ന മറ്റൊരു പത്രത്തിലായിരുന്നു  വിശ്വേശ്വര്‍ ഭട്ട്  2008 വരെ ജോലി ചെയ്തിരുന്നത്.

കൂടുതല്‍ വാര്‍ത്ത ഇവിടെ കാണാം

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ഒളികാമറയുടെ രാഷ്ട്രീയ അജണ്ടകള്‍

എം കെ മുനീര്‍
മാധ്യമപ്രവര്‍ത്തകര്‍ സമാര്‍ജിക്കുന്ന പുതിയ ഉല്‍പ്പാദന ഉപകരണങ്ങളും രീതിശാസ്ത്രവും വിസ്മയാവഹങ്ങളും വമ്പിച്ച പുതുമയും വിസ്ഫോടനാത്മകവും ദൂരവ്യാപകവുമായ ഫലങ്ങളുളവാക്കാന്‍ പോന്നതുമാണ്. 2007 നവംബര്‍ ലക്കം തെഹല്‍കയില്‍ ആശിഷ് ഖേതാന്‍ 'രണ്ടു ലോകങ്ങള്‍ക്കിടയിലെ സഞ്ചാരി' എന്ന പേരിലെഴുതിയ ഒരനുഭവക്കുറിപ്പുണ്ട്. തന്റെ ഷര്‍ട്ടിലൊളിപ്പിച്ച ഒളികാമറയുമായി ഗുജറാത്ത് വംശഹത്യയുടെ പ്രതികളെ നേരിടുന്ന സ്തോഭജനകമായ വിവരണമാണത്. ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ സാഹസികത മുറ്റിയ ആ സ്റിങ് ഓപറേഷന് മുന്നേ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ നരേന്ദ്രമോഡിയുടെ പങ്ക് അദ്ദേഹം തന്നെ മറ്റൊരു സ്്റ്റിങ് ഓപറേഷനിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. ഒരുഘട്ടത്തില്‍ ആശിഷ് ഖേതാന്‍ പിടിക്കപ്പെടുമോ എന്ന ഉദ്വേഗജനകമായ വിവരണമുണ്ടതില്‍. തെഹല്‍ക നടത്തിയ അന്വേഷണങ്ങള്‍ ഇന്ത്യയിലെ പത്രപ്രവര്‍ത്തനചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തിയതാണ്.
എന്നാലെപ്പോഴും ഒളികാമറകള്‍ക്ക് അങ്ങനെ ഗുണപരമായി തന്നെ വാര്‍ത്തകളുണ്ടാക്കാന്‍ കഴിയാറുണ്േടാ? 


അരവിന്ദ് കെജരിവാള്‍
പോലിസ് വൃത്തങ്ങളെയും സര്‍ക്കാര്‍ പത്രക്കുറിപ്പുകളെയും ഉദ്ധരിച്ച് വാര്‍ത്തകള്‍ മെനയുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്യപ്പെടാന്‍ തുടങ്ങുന്ന കാലത്ത് പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കണ്െടത്തുന്നതിന് അവലംബിക്കുന്ന മാര്‍ഗങ്ങള്‍ സവിശേഷമായിരിക്കണം. 2005 ഒക്ടോബര്‍ 12ന് ഇന്ത്യയില്‍ നിയമമായ വിവരാവകാശം ഇന്നും നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിച്ചുകാണുന്നില്ല. മറിച്ചു വിവരാവകാശ നിയമരംഗത്തെ ആക്റ്റിവിസ്റ്റും റമോണ്‍ മഗ്സാസെ അവാര്‍ഡ് ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ അരവിന്ദ് കെജരിവാള്‍ തന്റെ 'പരിവര്‍ത്തന്‍' എന്ന സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രഭാത് ഖബര്‍ എന്ന പത്രത്തിന്റെ പ്രചാരം നിത്യേന നൂറുകണക്കിനു കോപ്പികള്‍ വര്‍ധിക്കുമാറ് ഓരോ ദിവസവും ഛത്തീസ്ഗഡിലെയും മറ്റും നിരവധി അഴിമതിക്കഥകളാണു പുറത്തുകൊണ്ടുവന്നത്. പിന്നീട് പരിവര്‍ത്തന്‍ ഇന്ത്യന്‍ എക്സ്പ്രസ്സുമായി ചേര്‍ന്ന് സമാനമായ ഒരു കാംപയിന്‍ ആരംഭിക്കുകയുമുണ്ടായി.
 

കേരളത്തില്‍ നടന്ന സ്റിങ് ഓപറേഷനുകളില്‍ പ്രധാനം മലയാള മനോരമ 2009ല്‍ നടത്തിയ വാളയാര്‍ ചെക്പോസ്റ്റിലെ അഴിമതി പുറത്തുകൊണ്ടുവന്നതാണ്. ഈ വര്‍ഷം അയ്യപ്പഭക്തരില്‍ നിന്നു പണംപിടുങ്ങുന്ന സംഭവവും മനോരമ പുറത്തുകൊണ്ടുവന്നു. പക്ഷേ, കേരളത്തിലെ ഒളികാമറകള്‍ പലപ്പോഴും അഗമ്യഗമനങ്ങളും കപട സദാചാരവുമാണു തേടാന്‍ വെമ്പുന്നത്. യൂറോപ്യന്‍ ടാബ്ളോയിഡുകളുടെ പപ്പരാസി പത്രപ്രവര്‍ത്തനത്തോളം തരംതാഴാനും മടിയില്ലാത്തതരം ഇടപെടലുകള്‍. 'രാത്രി സമരം മസാലമയം' എന്ന പേരില്‍ കൈരളി 2008 മാര്‍ച്ച് ഏഴിനു നടത്തിയ ചെങ്ങറ ഐക്യദാര്‍ഢ്യ നൈറ്റ് വിജില്‍ സമരത്തിന്റെ ഒളികാമറാ ഓപറേഷന്‍ അതിനൊന്നാന്തരം നിദര്‍ശനമാണ്. പത്രപ്രവര്‍ത്തകര്‍ ഒരേ ഉപാധികളെ എങ്ങനെ ഗുണാത്മകമായും നിഷേധാത്മകമായും ഉപയോഗിക്കുന്നുവെന്നതിന് ഉദാഹരണങ്ങളാണിവ. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവകാശമുണ്േടാ എന്ന പ്രസക്തമായ ചോദ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്.
 

ഇപ്പോള്‍ വിവാദമായിരിക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരായ ഇന്ത്യാവിഷന്‍ സ്റ്റിങ് ഓപറേഷന്റെ കാര്യമെടുക്കുക. മുന്‍ മന്ത്രിയുടെ മുന്‍ ഡ്രൈവര്‍ അരവിന്ദനെ ലോഡ്ജില്‍ റിയല്‍എസ്റ്റേറ്റ് സംബന്ധമെന്ന വ്യാജേന വിളിച്ചുവരുത്തി മദ്യസല്‍ക്കാരം നടത്തി തങ്ങള്‍ക്കാവശ്യമുള്ള വാര്‍ത്ത അയാളുടെ വായില്‍ തിരുകി ഒളികാമറ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കെ അതുകണ്ട് കുതറിയോടിയ സംഭവം വാര്‍ത്താനിര്‍മിതിയുടെ ധാര്‍മികതയില്ലായ്മയെ കൃത്യമായി ഉദാഹരിക്കുന്നതാണ്. ഇന്ത്യാവിഷന്‍ പിതൃത്വമവകാശപ്പെടാന്‍ മടിക്കാതിരുന്ന ഒളികാമറാ സംഭവത്തില്‍ റഊഫിനെ മുന്‍നിര്‍ത്തിയാണ് ഇതു സംഘടിപ്പിച്ചതെന്നും പറയുന്നുണ്ട്. കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ഇത്തരമൊരു നീക്കത്തിന് അരുനില്‍ക്കുന്ന വാര്‍ത്താചാനല്‍ ഇതേ പ്രകാരേണയല്ലേ മുന്‍ അഡീഷനല്‍ ഗവണ്‍മെന്റ് പ്ളീഡര്‍ കെ സി പീറ്ററിനെക്കൊണ്ടും വായതുറപ്പിച്ചിരിക്കുക എന്ന് ദൃശ്യങ്ങളില്‍ നിന്നു വായിച്ചെടുക്കാന്‍ പ്രയാസമില്ല.
 

കുഞ്ഞാലിക്കുട്ടിയുടെ ധാര്‍മികാപചയത്തെക്കുറിച്ച് കണ്ടുനില്‍ക്കാതെ വാചാലമായി ഇടപെടുന്ന എഡിറ്റോറിയലുകളും പത്രറിപോര്‍ട്ടര്‍മാരും ഇത്തരത്തിലുള്ള അജണ്ടകള്‍ സെറ്റ് ചെയ്യുന്ന പത്രപ്രവര്‍ത്തന ധാര്‍മികതയെ എങ്ങനെ വിശദീകരിക്കും? കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനത്തില്‍ ഒരു പത്രക്കാരനും ഗൌരവതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. റഊഫിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമോ എന്നുപോലും അന്വേഷിച്ചില്ല. തങ്ങളുടെ തൊഴില്‍പരമായ കഴിവു പ്രകടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അന്വേഷണത്വര നഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ വായനക്കാരുടെ സെന്‍സിബിലിറ്റിയെ ചോദ്യംചെയ്യുന്ന നിലവാരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ ധാര്‍മികത ചര്‍ച്ചയാക്കേണ്ട കാലമായിരിക്കുന്നു. വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യേണ്ട മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും വാര്‍ത്തകള്‍ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് അഭികാമ്യമോ?
 

പത്രപ്രവര്‍ത്തകര്‍ സ്വയം വാര്‍ത്തയാകുന്ന സന്ദര്‍ഭങ്ങളുണ്ട്. 2008 ഡിസംബര്‍ 14ന് ബഗ്ദാദില്‍ ജോര്‍ജ് ബുഷിനെ ചെരിപ്പെറിഞ്ഞ മുന്‍തദര്‍ അല്‍ സെയ്ദി എന്ന ഇറാഖി പത്രപ്രവര്‍ത്തകന്‍ അങ്ങനെയൊരാളാണ്. മുന്‍തദറിന്റെ പ്രവൃത്തി പത്രപ്രവര്‍ത്തനമല്ലായിരുന്നെങ്കിലും അത്രതന്നെയോ അതിലേറെയോ വാചാലമായ ഒരു രാഷ്ട്രീയപ്രസ്താവനയായിരുന്നു അത്. അമേരിക്കയുടെ ഇറാഖ് അധിനിവേശം ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പത്രങ്ങള്‍ ഔദ്യോഗിക വിവരങ്ങളുടെ ആവര്‍ത്തനമാക്കി പ്രക്ഷേപിച്ച സാഹചര്യത്തില്‍ ചെരിപ്പേറുകൊള്ളുന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ക്കുകൂടിയായിരുന്നു. ഒരു പത്രക്കാരന്‍ തന്റെ മാധ്യമത്തിലൂടെയല്ലാതെപോലും പ്രവര്‍ത്തിക്കുന്നതിന്റെ പ്രതിബദ്ധമാതൃകയായിരുന്നു അതെന്നു പിന്നീട് വിലയിരുത്തപ്പെട്ടു. തന്റെ പത്രസ്ഥാപനത്തിനു പുറത്തെ ഇടം മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന രീതിയുടെ ഉദാഹരണമാണത്. 

ഷാഹിന
ദക്ഷിണേന്ത്യയിലെ ഗുജറാത്തായി മാറിക്കൊണ്ടിരിക്കുന്ന കര്‍ണാടകയിലെ പോലിസ് തെഹല്‍ക റിപോര്‍ട്ടര്‍ ഷാഹിനയുടെ മേല്‍ യു.എ.പി.എ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്താന്‍ ഇടയാക്കിയ സംഭവവും പത്രപ്രവര്‍ത്തനവുമായി മാത്രം ബന്ധപ്പെട്ടതാണ്. അതില്‍ ഷാഹിനയ്ക്കെതിരേ പോലിസ് ദുഷ്ടലാക്കോടെ, ഒരുപക്ഷേ മഅ്ദനിക്കു ജാമ്യം കിട്ടാതിരിക്കാന്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് ഉന്നയിക്കുന്നത്. ഷാഹിന മഅ്ദനി കേസിലെ സാക്ഷികളുടെ വിശ്വാസ്യത മുഖദാവില്‍ റിപോര്‍ട്ട് ചെയ്യാനാണു ശ്രമിച്ചത്. അവിടെ ഒളികാമറയില്ല. അവരെ റിപോര്‍ട്ടര്‍ ഉദ്ദേശിക്കുന്നതരത്തില്‍ വളച്ചൊടിക്കുന്ന ഏര്‍പ്പാടില്ല. 

എന്നാല്‍, കുഞ്ഞാലിക്കുട്ടി ടേപ്പുകള്‍ പുറത്തുവന്നവയുടെ വിശകലനവും റഊഫിനെപോലൊരു വീലര്‍ ഡീലറുടെ പിന്നണിയും വിവാദത്തിലെ വിശ്വാസ്യതയെയും ധാര്‍മികതയെയും അപവാദപ്രചാരണത്തിന്റെ തലത്തിലേക്ക് ഇകഴ്ത്തുകയാണ്. ഇതെല്ലാം പ്രതിബദ്ധമാധ്യമപ്രവര്‍ത്തനമെന്ന് ഉദാഹരിക്കുകയാണ്.
കുഞ്ഞാലിക്കുട്ടിക്കെതിരായ മുമ്പത്തെയും ഇപ്പോഴത്തെയും ഇന്ത്യാവിഷന്‍ സ്റ്റോറികള്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയാണെന്ന വസ്തുത ഈവിഷയകമായ രാഷ്ട്രീയതാല്‍പ്പര്യത്തിന് അടിവരയിടുന്നു. 


സത്യത്തില്‍ കുറച്ചുകൂടി കഴിഞ്ഞ്, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടടുപ്പിച്ച്, കുറേക്കൂടി കരുതലോടെ പ്ളാന്റ് ചെയ്യാനിരുന്ന സ്റ്റോറിയാണ് കുഞ്ഞാലിക്കുട്ടിയുടെ ഒരുമുഴം മുമ്പേയുള്ള നീക്കത്തില്‍ പാതിവെന്ത് ബ്രേക്കായത്. മുനീര്‍ ഇന്ത്യാവിഷന്റെ നാമമാത്ര/ആലങ്കാരിക ചെയര്‍മാന്‍ മാത്രമാണെന്ന് ആണയിടുമ്പോഴും കുഞ്ഞാലിക്കുട്ടിയുടെ ലീഗിലെ പ്രതിയോഗിയാണെന്നതു പരമാര്‍ഥം മാത്രമാണ്. രണ്ടുവട്ടവും ഒരാള്‍ തന്നെയാണ് റിപോര്‍ട്ടര്‍. അയാളാവട്ടെ പഴയ ഒരു എം.എസ്.എഫുകാരന്‍.  അപ്പോള്‍ ഈ യാദൃച്ഛികതകളെ, കാലികതയുടെ കണിശനിര്‍ണയത്തെ, രാഷ്ട്രീയലക്ഷ്യങ്ങളെ മാധ്യമപ്രവര്‍ത്തനത്തില്‍ ദുരുപയോഗിക്കുകയായിരുന്നോ?
 

സ്റ്റിങ് ഓപറേഷനുകള്‍ ഗുണാത്മക പത്രപ്രവര്‍ത്തനത്തിന് ഉപാധികളാവേണ്ടതരത്തില്‍ പുത്തന്‍ മാധ്യമസംസ്കൃതിയെ നിര്‍വചിക്കുന്നതിലൂടെ മാത്രമേ പത്രപ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷമവൃത്തത്തില്‍ നിന്നു പുറത്തുകടക്കാനാവൂ. അല്ലാത്തപക്ഷം പപ്പരാസി നിലവാരത്തിലേക്കോ സായാഹ്ന പത്രങ്ങളുടെ ബ്ളാക്മെയിലിങ് ജേണലിസത്തിലേക്കോ തരംതാഴുകയാവും അവരുടെ വിധി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളിലും ഗ്രൂപ്പ് സമവാക്യങ്ങളിലും പക്ഷംപിടിച്ചും തത്ത്വദീക്ഷയില്ലാതെയും തങ്ങളുടെ ശാദ്വലഭൂമിക തേടുന്ന പുതിയതരം പത്രപ്രവര്‍ത്തനം ഗുണകാംക്ഷാ പത്രപ്രവര്‍ത്തനത്തിന്റെ സാമൂഹിക ഉത്തരവാദിത്തമായി നിവര്‍ത്തിക്കുന്ന പ്രഖ്യാത പാരമ്പര്യത്തിനു നിരക്കുന്നതല്ല. കുഞ്ഞാലിക്കുട്ടി-മുനീര്‍ ദ്വന്ദ്വത്തില്‍ പക്ഷംപിടിച്ച് ഒളികാമറയുമായിറങ്ങുന്ന മാധ്യമപ്രവര്‍ത്തകര്‍ അഴിമതിക്കാരും അസാന്മാര്‍ഗികളുമായ രാഷ്ട്രീയക്കാരേക്കാള്‍ തരംതാണ അധമവൃത്തികളിലാണ് ഏര്‍പ്പെടുന്നത്.

എന്‍ എം സിദ്ദീഖ്, 31 ജനുവരി 2011 , തേജസ്‌ ദിനപത്രം