2012, ഫെബ്രുവരി 4, ശനിയാഴ്‌ച

ഒരു മാധ്യമവും കുറേ മാധ്യമങ്ങളും

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പരിണതി എന്തായിരിക്കുമെന്നു പ്രവചിക്കാന്‍ പാഴൂര്‍പ്പടി വരെ പോവേണ്ട കാര്യമൊന്നുമില്ല. മാധ്യമലോകത്തെക്കുറിച്ചു സാമാന്യധാരണയെങ്കിലുമുള്ള ആര്‍ക്കും സംഗതി എവിടെ ചെന്ന് അവസാനിക്കുമെന്നു കൃത്യമായി പറയാനാവും. കള്ളനെ വെറുതെവിട്ട്, അയാളെ പിടികൂടിയ പാവത്താനെ തല്ലുന്ന പതിവുകാഴ്ച തന്നെയാവും അവസാന ഫ്രെയിമില്‍ നമുക്കു കാണാനാവുക.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല; അവസാനത്തെ സംഭവവുമല്ല. തിരശ്ശീല താഴ്ത്താതെ തുടരുന്ന ഈ പൊറാട്ടുനാടകം ആവര്‍ത്തിച്ചുകൊണ്േടയിരിക്കും. ഒരിക്കല്‍ ലൌ ജിഹാദ്, പിന്നെ ലെറ്റര്‍ ബോംബ്, അതുകഴിഞ്ഞ് സദാചാര പോലിസ്.... എല്ലാം കണ്ട് ഇമചിമ്മിയില്ല; അപ്പോഴേക്കും പുതിയ നാടകമായി.
സമ്പൂര്‍ണ സാക്ഷരതയുള്ള, വിപ്ളവപ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുള്ള, ന്യൂനപക്ഷസംഘടനകള്‍ക്കു മികച്ച പിന്‍ബലമുള്ള നാടാണിത്. ഞങ്ങളുള്ളകാലത്തോളം ന്യൂനപക്ഷവേട്ട അനുവദിക്കില്ലെന്നു പേര്‍ത്തും പേര്‍ത്തും പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഭരണം കൈയാളുന്നത് ഇവിടെയാണ്. എന്നിട്ടും ഇടതടവില്ലാതെ ഇതെല്ലാം ആവര്‍ത്തിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് എന്താണ്? ഒന്നുകില്‍ സമുദായപ്പാര്‍ട്ടിയുടെ പ്രഖ്യാപനത്തില്‍ അശേഷം ആത്മാര്‍ഥതയില്ല; അല്ലെങ്കില്‍, 'ഇവനൊക്കെ എന്നാ ചെയ്യാനാ' എന്നു കൂടെ ഭരിക്കുന്നവര്‍ക്ക് ഈ കക്ഷിയെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. രണ്ടായാലും ഫലം ഒന്നുതന്നെ.
അവരുടെ കാര്യമല്ല പറഞ്ഞുവരുന്നത്. മറ്റൊരു കൂട്ടരുണ്ടല്ലോ- നാലാംതൂണുകാര്‍; ഫോര്‍ത്ത് എസ്റ്റേറ്റ്. അവരുടെ ഒരു സഹജീവിയെയാണ് ഒരു വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ഭരണകൂടം ചിത്രവധം ചെയ്യാന്‍ ശ്രമിക്കുന്നത്. ലോകത്തെ സകലമാന പൌരാവകാശ ലംഘനങ്ങള്‍ക്കുമെതിരേ പോരാടുന്നുവെന്ന് അവകാശപ്പെടുന്നവര്‍, പീഡിപ്പിക്കപ്പെടുന്ന ഈ സഹജീവിയെ പ്രതിരോധിക്കാനല്ല ഒടുവില്‍ പാഞ്ഞെത്തിയിരിക്കുന്നത്; പിന്നില്‍നിന്നു കുത്താനാണ്. സഹജീവിക്കു പറ്റിയ ചെറിയൊരു സ്ഖലിതം പര്‍വതീകരിച്ചുകാട്ടി വാദിയെ പ്രതിയാക്കാനാണ് ഇവര്‍ കൊണ്ടുപിടിച്ചുശ്രമിക്കുന്നത്. ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെടാത്ത നിരപരാധികളുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഉത്തരവിട്ട ഭരണകൂടം ഇവര്‍ക്ക് ഇപ്പോള്‍ പഞ്ചപാവം!
മാധ്യമത്തിനു നേരെ മുഖ്യധാരാമാധ്യമങ്ങളുടെ ഒത്താശയോടെ നടക്കുന്ന നിഴല്‍യുദ്ധം ഇതാദ്യമല്ല. പത്രത്തിന്റെ തുടക്കം മുതല്‍ കൂടിയും കുറഞ്ഞും അതു തുടര്‍ന്നിരുന്നു. മുഖ്യധാരാ പത്രങ്ങളിലെ വര്‍ഗീയച്ചുവയുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി വായനക്കാര്‍ മാധ്യമത്തില്‍ എഴുതിത്തുടങ്ങിയപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതായവര്‍ ആദ്യം അനുനയത്തിലും പിന്നീട് സ്വരം കടുപ്പിച്ചും ഡസ്ക്കിലേക്ക് നിരന്തരം വിളിക്കുമായിരുന്നു. മാധ്യമം ഗള്‍ഫില്‍ പ്രസിദ്ധീകരണം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍, അവിടെ മര്‍മപ്രധാന പദവികളിലുള്ള സ്വന്തം സമുദായക്കാരെ ഉപയോഗിച്ചു തടയിടാനും ഇതേ 'മതേതര'പത്രം ശ്രമിച്ചു.
മാധ്യമം ഇന്ന് അതിരുകള്‍ ഭേദിച്ചു പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു. അനുബന്ധ പ്രസിദ്ധീകരണങ്ങള്‍ വേറെ. ഇപ്പോഴിതാ ചാനലും. മുഖ്യധാരാ മാധ്യമസമൂഹത്തിലേക്കു തലയെടുപ്പോടെ കടന്നുവന്ന് ഇരിപ്പിടമുറപ്പിക്കുകയാണ് ഈ പത്രം. ഈ കടന്നുവരവ് കണ്ടു തല പെരുത്തുപോയ പത്രത്തമ്പുരാക്കന്‍മാര്‍ അടങ്ങിയിരിക്കുന്നതെങ്ങനെ? കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് അവര്‍ ആഞ്ഞുവെട്ടുകയാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ കളവാണെന്നു വരുത്തിത്തീര്‍ക്കേണ്ടത് ഉമ്മന്‍ചാണ്ടിയേക്കാള്‍ ആവശ്യം അവര്‍ക്കാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മുന്‍നിരയില്‍നിന്നു പടനയിക്കുമ്പോള്‍ അകമ്പടിസേവയ്ക്കായി ആശ്രിതരായ ആര്യാടന്‍മാര്‍ അഹമഹമികയാ മുന്നോട്ടുവരുന്നതു സ്വാഭാവികം. അവരോടൊപ്പം അസൂയക്കാരും അസഹിഷ്ണുതാവാദിയുമൊക്കെ അണിനിരന്നതോടെ അസുരപക്ഷം തികഞ്ഞ ആഹ്ളാദത്തിമര്‍പ്പിലാണ്.

പിന്‍കുറി: പഴയൊരു അനുഭവം ഓര്‍മവരുകയാണ്. ഐ.എസ്.എസ് പിരിച്ചുവിട്ട് അബ്ദുന്നാസിര്‍ മഅ്ദനി ഒളിവില്‍പ്പോയ കാലം. മഅദ്നിക്കുവേണ്ടി കേരള പോലിസ് ഇന്റര്‍പോളിന്റെ സഹായം തേടി രാജ്യത്തിന് അകത്തും പുറത്തും വലവിരിച്ചിരിക്കുന്ന സമയം. മഅ്ദനി പാകിസ്താനിലേക്കു കടന്നു; അല്ല, ഗള്‍ഫില്‍ വച്ചു കണ്ടു എന്നിങ്ങനെ മുഖ്യധാരാപത്രങ്ങള്‍ ദിവസവും സ്കൂപ്പുകള്‍ പുറത്തുവിട്ട് രംഗം കൊഴുപ്പിക്കുകയാണ്. മഅ്ദനിയുമായി ഫോണിലൂടെയെങ്കിലും ഒരു ഇന്റര്‍വ്യൂ തരപ്പെടുത്താനുള്ള എന്റെ ശ്രമം ചെന്നെത്തിയത് അദ്ദേഹവുമായി നേരിട്ടുള്ള കൂടിക്കാഴ്ചയിലാണ്. തൃശൂരിലെ തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ മാറിമാറിക്കയറി നീണ്ട ഒരു രാത്രികൊണ്ടാണ് ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയത്. ചൂടോടെ തന്നെ ഡസ്ക്കിലേക്ക് അയച്ചെങ്കിലും മാധ്യമം അതു പ്രസിദ്ധീകരിച്ചില്ല.
സ്വരക്ഷപോലും പണയപ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍വ്യൂ എങ്ങനെയെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്താല്‍ അത് മറ്റൊരു പ്രമുഖ പത്രത്തിനു തരപ്പെടുത്തിക്കൊടുത്തു. അവരത് ഒന്നാംപേജില്‍ എട്ടു കോളത്തില്‍ സൂപ്പര്‍ ലീഡായി വീശി. ആ വര്‍ഷത്തെ ഏറ്റവും മികച്ച വാര്‍ത്തയെന്നാണു മലയാള മനോരമയുടെ എഡിറ്റോറിയല്‍ മേധാവി തോമസ് ജേക്കബ് അതിനെ വിശേഷിപ്പിച്ചത്. ഇന്റര്‍വ്യൂ കൊടുക്കാന്‍ വിസമ്മതിച്ച മാധ്യമം പത്രാധിപരോട് അന്നു കടുത്ത നീരസം തോന്നിയിരുന്നു. ഇക്കാര്യം പിന്നീട് പുറത്തറിഞ്ഞപ്പോള്‍, വായനക്കാരും അഭ്യുദയകാംക്ഷികളും മാധ്യമം പത്രാധിപസമിതി അംഗങ്ങളോട് ക്ഷോഭിച്ചതായും അറിയാം.
അന്നു മാധ്യമം ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു പുകില്! രാജ്യദ്രോഹിയായ മഅ്ദനിയെ മാധ്യമം ഒളിവില്‍ പാര്‍പ്പിച്ചെന്നായിരിക്കും ബ്രേക്കിങ് ന്യൂസ്. എന്നിട്ട് സെന്‍സേഷനല്‍ സൃഷ്ടിക്കാനായി സ്വന്തം റിപോര്‍ട്ടറെ വിട്ട് ഇന്റര്‍വ്യൂ നടത്തിയെന്നും ആരോപണമുയര്‍ന്നേനെ. ആ വര്‍ഷത്തെ ഏറ്റവും മികച്ച വാര്‍ത്തയെന്നു പ്രശംസിച്ച തോമസ് ജേക്കബിന്റെ പത്രം തന്നെയാവും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടാവുക. ലൌ ജിഹാദിലും കൈവെട്ടുകേസിലുമൊക്കെ നാമതു കണ്ടതാണല്ലോ.

2012, ജനുവരി 22, ഞായറാഴ്‌ച

മാതൃഭുമിയില്‍ 'ബോംബ്‌' നിര്‍വീര്യമാക്കി

എന്‍ പി രാജേന്ദ്രന്‍ എന്ന 'ഇന്ദ്രന്‍'
ഇതാണ് കേരള പ്രസ്‌  അക്കാദേമി  എന്ന സര്‍ക്കാര്‍ - പത്രപ്രവര്‍ത്തക കൂടായ്മയിലുള്ള മാധ്യമ പരിശീലന സ്ഥാപനത്തിന്റെ അധ്യക്ഷ സ്ഥാനം ഇപ്പോള്‍ വഹിക്കുന്ന എന്‍ പി രാജേന്ദ്രന്‍. ഇദ്ദേഹത്തിന്റെ എഴുത്തും നിലപാടുകളും വായിച്ചാല്‍   മാതൃഭുമിയിലെ ഈ കോഴികോടന്‍  'ഇന്ദ്രന് ' ഇനിയും പല  ആസ്ഥാന ഭൂഷണം അവാര്‍ഡുകളും ലഭിക്കുമെന്ന് വേണം കരുതാന്‍. 'ചാത്തന്‍ സ്തുതിസേവ' ക്കു പൊതു കമ്പോളത്തില്‍ ലഭ്യമായ നിരവധി അവാര്‍ഡുകള്‍ രാജേന്ദ്രന്  മുന്നേ കിട്ടിയിട്ടുണ്ട്.  ഇനി ഇദ്ദേഹത്തിനു ലഭിക്കാന്‍ സാധ്യതയുള്ളത്  ' പത്രക്കാര്കിടയിലെ ഏറ്റവും വലിയ  കുശുമ്പന്‍'. 'ഏറ്റവും നല്ല സൈബര്‍ വിജ്ഞാനമുള്ള പത്ര പ്രവര്‍ത്തകന്‍' തുടങ്ങിയ അവാര്‍ഡുകള്‍ ആയിരിക്കും എന്ന് കട്ടായം. 
മലയാള മാധ്യമങ്ങളില്‍ 'സ്കൂപ്പ്' (scoop)  വാര്‍ത്തകള്‍ അപൂര്‍വമായേ വരാറുള്ളൂ. വിജു നായര്‍  ഇയ്യിടെ  മാധ്യമത്തില്‍  എഴുതിയ കേരള പോലീസിന്റെ  ഇമെയില്‍ ചോരണ വാര്‍ത്ത വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം ആണ് കയ്കാര്യം  ചെയ്തത്. രാജേന്ദ്രനെ പോലെ  കൂടുതല്‍ മലയാളി  പത്ര പ്രവര്‍ത്തകരും തങ്ങള്‍ക്കു ' 'സ്കോപ്'' (scope) ഉള്ള വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കാനും ഭരണകൂടത്തോട് ഒട്ടി നിന്ന് സ്വന്തം 'സ്കോപ്'' (scope) വിപുലപെടുതാനും ആണ് ശ്രമിക്കാറ്. ഇതില്‍ നിന്നും വളരെ വ്യത്യസ്തനാണ് വിജു നായര്‍. അദ്ദേഹം 'കലാകൌമുദി' പത്രാധിപ സ്ഥാനത്ത്തിരുന്നപ്പോഴാണ് അതിന്റെ പൂര്‍വകാല പ്രാമാണ്യം നേടിയത്. സ്വതന്ത്ര കാഴ്ചപ്പാടുള്ള വിജു നായര്‍  പിന്നീട്  'മാധ്യമം' സ്വയം തെരഞ്ഞെടുത്തതാണ്. 

'ഇ മെയില്‍ വ്യാജബോംബ്‌ ' എന്ന തലകെട്ടില്‍  രാജേന്ദ്രന്റെ ഇത്തവണത്തെ പംക്തി (ഇന്ദ്രന്‍, 'വിശേഷാല്‍ പ്രതി' 22 Jan 2012 ഞായറാഴ്ച, മാതൃഭൂമി) വായിച്ചാല്‍  വിജു നായര്‍ക്കെതിരെയുള്ള അദ്ധേഹത്തിന്റെ 'കാവി ചൊറിച്ചില്‍' മനസ്സിലാക്കാം.  ഇതില്‍ 'വാര്‍ത്തയെഴുത്തുതൊഴിലാളി' എന്ന് വിജു നായരെ പരിഹാസ പൂര്‍വ്വം ആക്ഷേപിക്കുക പോലും ചെയ്യുന്നുണ്ട്  ഇന്ദ്രന്‍. 

"വിഷത്തിന് വേണ്ടിയുള്ള അന്വേഷണം" ആയിരുന്നു വിജു നായരുടെതെന്നാണ്   'രാജേന്ദ്രന്‍ എന്ന ഇന്ദ്രന്‍' ഇതില്‍ തട്ടി വിടുന്നത്.  " മുസ്‌ലിങ്ങള്‍ക്കെതിരെ രഹസ്യാന്വേഷണം നടക്കുന്നു എന്നൊരു വിവരം ആരെങ്കിലും കൊണ്ടുവന്നുതരുമ്പോള്‍, അതേ അന്വേഷണം ചില ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ കൂടി നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഗൗനിക്കരുത്. കാരണം, വാര്‍ത്തയിലെ വിഷം അത് ചോര്‍ത്തിക്കളയും"  268 പേരില്‍ 10 അമുസ്ലിം പേരുകള്‍ വിട്ടതില്‍ സര്‍കാരിനെ  പോലെ രാജേന്ദ്രനും വിജു നായര്‍ക്കെതിരെ ധാര്‍മിക രോഷം പുലര്‍ത്തുന്നുണ്ട്.   തന്റെ  കുറിപ്പ്  അവസാനിപ്പിക്കുന്നതിനിടയില്‍  "ഇ മെയില്‍ ചോര്‍ത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയില്‍ കുറച്ച് ശരിയുണ്ട്, കുറെ തെറ്റുമുണ്ട് " എന്ന് പറഞ്ഞു പോലീസിനെയും ഭരണ കൂടത്തെയും കൂടുതല്‍ സ്തുതിക്കാനും വിമര്‍ശകരോടൊപ്പം ചെറുതായി ചാരാനും എന്‍ പി രാജേന്ദ്രന്‍  ശ്രമിക്കുന്നു. 
കേരള പോലിസിനെ ന്യായീകരിച്ചു  രാജേന്ദ്രന്‍ എഴുതുന്നത്‌  ഇങ്ങിനെ: "ആരുടെയോ ഇ മെയില്‍ കോണ്‍ടാക്ട് ലിസ്റ്റിനെ പോലീസ് പ്രാഥമികമായി അരിച്ചുപെറുക്കിയതാണ് എന്നാര്‍ക്കും മനസ്സിലാകും. വികലബുദ്ധി കൊണ്ടോ വിവരമില്ലായ്മകൊണ്ടോ ഇതുമുഴുവന്‍ സിമി ബന്ധമുള്ളവരാണ് എന്ന് എഴുതി".

ഇതൊക്കെ കേട്ടാല്‍ നമുക്ക് തോന്നുക  ഇന്റര്‍നെറ്റ്‌ ടെക്നോളജി യെ കുറിച്ച് അഗാധ വിജ്ഞാനം ഉള്ള പത്ര പ്രവര്‍ത്തകനാണ് രാജേന്ദ്രന്‍ എന്നാകും. 'മാതൃഭുമി 'യില്‍ ആയതു കൊണ്ട് എന്തും തട്ടി വിടാം എന്ന് ഇന്ദ്രന്‍ ധരിക്കുന്നുണ്ടാകാം. എന്നാല്‍ 'കൊസൊവ ഹാക്കര്‍മാര്‍' എന്ന ഒരു പറ്റം സൈബര്‍ കുറ്റവാളികള്‍ ഇദ്ദേഹത്തിന്റെ സ്വന്തം വെബ്സൈറ്റ് ആയ www.nprajendran.com പോലും നശിപ്പിചിരുന്നുവെന്നു ഒരു ഗൂഗിള്‍ അന്വേഷണത്തില്‍ നിന്നും നിങ്ങള്ക്ക് കാണാം. npr@mpp.co.in  എന്ന രാജേന്ദ്രന്റെ ഇമെയില്‍ അഡ്രെസ്സ് ഗൂഗിള്‍ ചെയ്തു നോക്കുക. താഴെ കാണുന്ന ചിത്രം അദ്ധേഹത്തിന്റെ ഇമെയില്‍ അഡ്രസ്‌ ഗൂഗിള്‍ ചെയ്തു  കിട്ടിയ ഫലത്തിന്റെ ഒരു സ്ക്രീന്‍ ഷോട്ട് ആണ് :
രാഷ്ട്രീയ, ജാതി ബന്ധങ്ങള്‍ കൊണ്ട് കേരളത്തിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായി, നിരവധി അവാര്‍ഡ് വാങ്ങിയ ആളാണ്‌ എന്‍ പി രാജേന്ദ്രന്‍. സ്വാഭാവികമായും  പോലീസില്‍ ഒരുപാട് വ്യക്തിബന്ധങ്ങളും  ഇദ്ദേഹത്തിനു കാണും. രാജേന്ദ്രന്‍ ഇവിടെ ചെയ്യുന്നത് തന്റെ മനസിലുള്ള മുന്‍ധാരണകള്‍ വെച്ച് മാതൃഭൂമി യില്‍ 'കഥ' എഴുതുകയാണ്. അദ്ദേഹത്തിന് അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കാം. അല്ലെങ്കില്‍ അവ  അറിയാന്‍ ശ്രമിക്കാം. ഇന്റര്‍നെറ്റ്‌ സംബന്ധമായി വിജു നായരെക്കാള്‍ വിവരം രാജേന്ദ്രന് ഇല്ല.  അതുണ്ടായിരുന്നെങ്കില്‍ രാജേന്ദ്രന്റെ സ്വന്തം വെബ്സൈറ്റ്  പോലും കൊസൊവ ഭീകരര്‍ 'ഹാക്ക് ' ചെയ്യുമായിരുന്നില്ല. (ആഗോള ഇസ്ലാം ഭീകരര്‍ എന്ന് കൂടെ ചേര്‍ത്താല്‍ കുശാലായി )  ഇത്രയും സൈബര്‍ വിജ്ഞാനമുള്ള  രാജേന്ദ്രന്‍  ഈ 'ഭീകര' സംഭവത്തില്‍ അന്വേഷണത്തിനായി  കേരള പോലീസിലെ ഹൈടെക്ക് സെല്ലിനെ സമീപിക്കുകയുണ്ടായോ? എന്താ, ഇന്ദ്രന് ഏമാന്മാരെ വിശ്വാസമില്ലേ?  ഇത് വരെ അദ്ദേഹം വെബ്സൈറ്റ് പുനരാരംഭിചിട്ടുമില്ല. രാജേന്ദ്രന്റെ പഴയ വെബ്സൈറ്റ് സ്ക്രീന്‍ ഷോട്ട് താഴെ ലിങ്കില്‍ നിന്നും കാണാം.  http://dawhois.com/siteinfo/?query=nprajendran.com
എന്‍ പി രാജേന്ദ്രന്റെ വെബ്സൈറ്റ് ഷോട്ട്,  14 Apr 2011 : കടപ്പാട് www.dawhois.കോം

മാതൃഭുമി കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഒരു പത്രമാണെങ്കിലും അവിടെ പണി എടുക്കുന്നവരൊക്കെ സാമാന്യ ബുദ്ധി ഉള്ളവരാകണം എന്നില്ല. നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസില്‍ നിന്നുമുള്ള വിട വാങ്ങല്‍ മകളുടെ വിവാഹത്തിന് വേണ്ടി ആണെന്ന് മൂര്‍ത്തി തന്നെ പറഞ്ഞതായി മാതൃഭുമി (12 ജൂണ്‍  2011) വെച്ച് കാചിയിരിക്കുന്നത് കാണാം. നാരായണ മൂര്‍ത്തി ഇംഗ്ലീഷില്‍ പറഞ്ഞതിന്റെ  അര്‍ഥം മനസ്സിലാകാന്‍ മാത്രുഭുമിയിലെ പത്രപ്രവര്ത്തകന്  സാധിച്ചില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. വാര്‍ത്തക്ക് ഈ ലിങ്ക് കാണുക. എന്നാല്‍ ഇന്ദ്രന്റെ പോലെയുള്ള  നിലവാരം കുറഞ്ഞ എഴുത്ത് കൊണ്ടൊന്നും  ഇത്തരം പത്ര പ്രവര്‍ത്തകര്‍ക്ക് പണി പോകില്ല. കാരണം, ജാതകവും ജാതക ദോഷവും ഒക്കെ പഠിച്ചു പത്ര പ്രവര്തകരാവാന്‍ 'മാതൃഭുമി ' യെ പോലെ പല 'ഭൂമി'കളും മലയാളത്തില്‍ ഉള്ളിടത്തോളം പെന്‍ഷനും വെയ്ജ് ബോര്‍ഡ് ശിപാര്‍ശ പ്രകാരമുള്ള ശമ്പളവും ഹൌസിങ്ങും എല്ലാം ഇവര്‍ക്ക് കിട്ടി കൊണ്ടേ ഇരിക്കും.

2012, ജനുവരി 7, ശനിയാഴ്‌ച

ലൗ ജിഹാദ്’ : കുമ്പസാരിക്കാന്‍ നേരമില്ലാത്തവര്‍ തിരുത്തട്ടെ


അങ്ങനെ ആ കൊടുങ്കാറ്റും ശമിച്ചു. അമേരിക്കന്‍ ഐക്യനാടുകളില്‍നിന്നു സാറ, വിമല, റീത്ത, ഒലീഗ തുടങ്ങി പെണ്‍പേരുകളില്‍ ആഞ്ഞടിച്ച ചുഴലിയെയും മുല്ലപ്പെരിയാര്‍ തകരുന്നതു ഭയപ്പെട്ട് സമരത്തിനിറങ്ങിയ ഓരോ സംഘടനയെയും പേടിച്ച് സമരാവേശം കൊളുത്തിയ മറുസംഘടനകളെയും ലജ്ജിപ്പിച്ചുകൊണ്ട് താനേ ആഞ്ഞുവീശി തമിഴ്നാടിനെ സ്വയം വിറപ്പിച്ചുകളഞ്ഞ ചുഴലിയെയും നിഷ്പ്രഭമാക്കുന്ന ലൌ ജിഹാദ് വിഷബീജ മഹാമാരിക്കാണ് ഒടുവില്‍ അകാലചരമം വന്നുപെട്ടിരിക്കുന്നത്.
പത്രങ്ങള്‍ തുടങ്ങിയ കാലത്ത് അവയിലൂടെയും പ്രതിമാസ-പ്രതിവാര പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ കാലത്ത് അവ മുഖേനയും ചാനലുകളുടെ ആരംഭം തൊട്ട് സംപ്രേഷണകലയിലൂടെയും വെബ്സൈറ്റുകളുടെ അവതാരത്തോടെ തദ്സമയങ്ങളായും കംസവേഷത്തിലും കത്തിവേഷത്തിലും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അധിനിവേശം അഭംഗുരം തുടര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, അച്ചടിമാധ്യമങ്ങള്‍ വെബ്സൈറ്റ് നുണക്കഥകളെ കാള പെറ്റുവെന്നു കേള്‍ക്കുംമുമ്പേ കയറെടുത്ത് ജനങ്ങളെ വഞ്ചിക്കുന്നതിന്റെ ഭവിഷ്യത്താണ് കഴിഞ്ഞ രണ്ടുവര്‍ഷമായി കൊച്ചുകേരളം എന്ന ആഗോള മലയാളിസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

നമുക്ക് എത്ര ആലോചിച്ചാലും മനസ്സിലാവാത്ത ഒന്നുണ്ട്. ഹിന്ദുത്വഭീകരര്‍ സ്ഫോടനം നടത്തി കുറ്റം മുസ്ലിംകളുടെ തലയില്‍ കെട്ടിവയ്ക്കുന്ന വൃത്തികെട്ട ദൌത്യമാണു നിര്‍വഹിച്ചുവന്നിരുന്നത്. ഇതിന്റെയെല്ലാം പാപഭാരം ചുമത്തുന്നത് ഇ-മെയില്‍ വിപ്ളവത്തിലൂടെ ജിഹാദികളുടെ അവകാശവാദമുണ്ടാക്കിയാണ്- ഇതു ഹിന്ദുത്വഭീകരന്മാരുടെ സ്ഥിരം തറവേല. ആ തറവേലയ്ക്കു മറ്റൊരു ന്യൂനപക്ഷം നടത്തുന്ന പത്രങ്ങളും മീഡിയകളും എന്തിനു പ്രചാരംകൊടുക്കുന്നുവെന്നാണു മനസ്സിലാവാത്തത്. ഏതോ ഒരു അജ്ഞാത വെബ്സൈറ്റില്‍ വന്ന ലൌ ജിഹാദ് നുണക്കഥ മഹാസത്യമാക്കി പെരുമ്പറയടിക്കാന്‍ മലയാളത്തെ വിളിച്ചുണര്‍ത്തുന്ന സുപ്രധാന വിളംബരക്കാരും സംവരണാദിവിഷയങ്ങളില്‍ മുമ്പ് ന്യൂനപക്ഷങ്ങളോടൊപ്പം നിന്നിരുന്ന മറ്റൊരു പിന്നാക്കപത്രവും എന്തുകൊണ്ട് ഒരുമ്പെട്ടു?
ഓര്‍ത്തുനോക്കുക. ഒരുകാലത്ത് നാലു കെട്ടുന്നവര്‍ എന്ന അപഖ്യാതി മുസ്ലിംകളുടെ തലയില്‍ വച്ചുകെട്ടി വിട്ടത് ഇതേ മാധ്യമങ്ങളായിരുന്നു. 1947കളോടെ ഇന്ത്യാവിഭജനമായിരുന്നു അവരുടെ ചുമലിലെ ഭാണ്ഡക്കെട്ടുകള്‍. പിന്നൊരു ഘട്ടത്തിലവര്‍ വര്‍ഗീയവാദികളായി പരിണമിച്ചു. 80കളില്‍ ത്വലാഖ് ചൊല്ലുന്ന സമുദായമായി മുസ്ലിംകള്‍ മാറി. പെണ്‍കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാത്തവര്‍ എന്നതായിരുന്നു മറ്റൊരു മുഖമുദ്ര. താടിയും തൊപ്പിയും പര്‍ദയും അപഹസിക്കപ്പെട്ടു. പര്‍ദ പ്രാകൃതത്തിലേക്കുള്ള തിരിച്ചുപോക്കായി പ്രചണ്ഡമായ പ്രചാരണം നടന്നു. ശരീഅത്ത് വിവാദം മറക്കാറായിട്ടില്ല. 90കളില്‍ ഭീകരതയാണു മുസ്ലിംകള്‍ക്കു പതിച്ചുകിട്ടിയ വിഴുപ്പുഭാണ്ഡം.
58ാം വയസ്സില്‍ 16കാരിയെ പരിണയിച്ച തിക്കുറിശ്ശിയടക്കം വാഴ്ത്തപ്പെട്ടപ്പോഴും അമ്പത്തഞ്ചാം വയസ്സിലും 15കാരികളെ കെട്ടിപ്പിടിച്ച് ആടിത്തിമര്‍ക്കുന്നവരെ സൂപ്പര്‍ താരങ്ങളാക്കി നെഞ്ചിലേറ്റിയപ്പോഴും പെണ്‍കുട്ടികളെ നേരത്തേ കെട്ടിച്ചുവിടുന്ന അസംസ്കൃതവസ്തുക്കളായി മുസ്ലിംകളെ കരിതേച്ചുകാണിച്ചു. തമിഴ്നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചയുടനെ കൊന്നു കുഴിച്ചുമൂടുമ്പോഴും ഉത്തരേന്ത്യയില്‍ സതിയും ശൈശവവിവാഹങ്ങളും ദേവദാസിക്കൂട്ടങ്ങളും നിലനില്‍ക്കുമ്പോഴും ഇവയ്ക്കു മാന്യതയും 15ാം വയസ്സില്‍ ഏതോ ഒരു പ്രദേശത്തു നടന്ന ഒരു പതിനഞ്ചുകാരിയുടെ വിവാഹവും ഒരു ത്വലാഖും ഒരു ജീവനാംശക്കേസും ആഗോളപ്രതിഭാസമാക്കി ഉയര്‍ത്തിക്കാട്ടുന്നതില്‍ ന്യൂനപക്ഷശത്രുക്കള്‍ വിജയിച്ചുകൊണ്ടിരുന്നു. തല മുഴുവനും ഉടലാകെയും മൂടിപ്പുതച്ചുനടക്കുന്ന രാജസ്ഥാനി സ്ത്രീകളെയും പുറത്തിറങ്ങാത്ത അന്തര്‍ജനങ്ങളെയും കുറിച്ചും അടിമത്തത്തിന്റെ അഞ്ചാം വേദമോതി ഒരേ സ്ത്രീയെ ബഹുപുരുഷവേഴ്ച നടത്തുന്ന നെറികെട്ട സംസ്കാരത്തെപ്പറ്റിയും പറയാത്തവര്‍ പര്‍ദയുടെ കറുത്ത നിറം മാത്രം ചര്‍ച്ചചെയ്യുന്ന പച്ചപ്പരിഷ്കാരികളായി നമ്മെ കൊഞ്ഞനംകാട്ടി. എന്തിനേറെ, മുലക്കച്ചയണിഞ്ഞാല്‍ മുലക്കരം പിരിക്കുകയോ മുലയരിയുകയോ ചെയ്തിരുന്ന ഹീനസംസ്കാരം കുപ്പായമിടാത്തവരും തുണിയുടുക്കാത്തവരുമായി നിലനില്‍ക്കെ, പര്‍ദയുടെ പ്രാകൃതം തേടിയലയുകയായിരുന്നു നമ്മുടെ സാംസ്കാരികപ്രവര്‍ത്തനം. ഏതൊരു കലാപത്തിലും മരിക്കുന്നതും കത്തിച്ചാമ്പലാവുന്നതും മുസ്ലിം ന്യൂനപക്ഷം. എന്നാല്‍, കുറ്റവാളികളും അവര്‍തന്നെയായിത്തീരുന്നു. ഹദ്ദടിയുടെ, ഊരുവിലക്കിന്റെ, അറബിക്കല്ല്യാണങ്ങളുടെ, അറബി പഠിപ്പിക്കുന്ന അന്തര്‍ജനത്തിന്റെ, കഥകളി പഠിക്കാന്‍ പോയ മുസ്ലിംകുട്ടിയുടെ, കൃഷ്ണന്റെ സ്വന്തം രാധയുടെ- അങ്ങനെ എന്തെന്തു കൊടുങ്കാറ്റുകളാണ് മലപോലെ വന്നത്. ഒടുവില്‍ എല്ലാം മഞ്ഞുപോലെ ഉരുകിയൊലിച്ചുപോവുമ്പോള്‍ മാധ്യമങ്ങളൊന്നും ഇക്കാലംവരെ കുമ്പസാരിക്കുന്നതു നമുക്കു കാണാനായിട്ടില്ല.
എന്നാല്‍, ഒന്നു ശ്രദ്ധേയമാണ്. ഇത്തരം പ്രശ്നങ്ങളൊന്നും ക്രൈസ്തവ ന്യൂനപക്ഷവിഭാഗങ്ങളെ ഒരിക്കലും അലട്ടിയിട്ടില്ല. കണ്ഡമാലില്‍ നടന്ന നരാധമത്വമായാലും ഒറീസയില്‍ മിഷനറി സായ്പന്മാരെ ചുട്ടുകൊന്ന സംഭവമായാലും മിന്നല്‍വേഗത്തില്‍ അവ ആഗോളവിവാദങ്ങളായി കുറ്റവാളികളെ ജയിലിലടപ്പിക്കുന്നതു കാണാം. സ്വാതന്ത്യ്രസമരത്തില്‍ വളരെ നേരിയ പങ്കുവഹിക്കുകയോ ബ്രിട്ടീഷുകാരോടൊപ്പം നില്‍ക്കുകയോ ചെയ്ത ഈ വിഭാഗത്തിനു പക്ഷേ, അത്തരമൊരു ദുഷ്പ്പേരില്ല. എന്നാല്‍, സ്വാതന്ത്യ്രത്തില്‍ ജീവന്‍ ബലികൊടുത്ത കൂട്ടര്‍ക്ക് ദുഷ്പ്പേരും വിഭജനത്തിന്റെ പാപഭാരവും ഒടുവില്‍, സ്വാതന്ത്യ്രം ആഘോഷിക്കുന്നതു ഹനിക്കലും ബാക്കി. 
ലൌ ജിഹാദിലൂടെ നാലായിരം പേരെ മതംമാറ്റിയെന്ന് ഹിന്ദു ജാഗ്രതാ വെബ്സൈറ്റില്‍ കാളപെറ്റപ്പോഴേക്കും സുപ്രഭാതഭേരി മുഴക്കണമെങ്കില്‍ ഒരു കാരണവുമുണ്ടായിരിക്കില്ലേ? ഹിന്ദുത്വഭീകരര്‍ വിതച്ചത് കൊയ്യുകയാണ്, ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട മറ്റു ചിലര്‍. ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും സനാതന്‍ സംസ്ഥയും അവര്‍ക്കു പുണ്യാളരാണ്. എന്തോരം കൈവെട്ടും കാല്‍വെട്ടും തലവെട്ടും കുതിവെട്ടും നടന്ന നാടാണിത്. എന്നിട്ട് ആര്‍ക്കെങ്കിലും ആരെയെങ്കിലും വേട്ടയാടണമെന്നു തോന്നിയോ? മുഹമ്മദ് നബി(സ)തങ്ങളെ ഏറ്റവും നജ്ജിസായ ഒരു ജന്തുവിന്റെ പേരിട്ടുവിളിച്ച് അപമാനിക്കുക വഴി ഒരു സമൂഹത്തെ ഒന്നടങ്കം പ്രകോപിപ്പിച്ച് തെരുവിലിറക്കി ഒരു കൂട്ടക്കലാപവും കൂട്ട വെടിവയ്പും (ബീമാപ്പള്ളി മോഡല്‍) നടത്തിക്കളയാമെന്നു വ്യാമോഹിച്ചവരില്‍ ഡി.ജി.പി മുതല്‍ താഴോട്ടുള്ള ഏകസ്വരസമൂഹത്തില്‍പ്പെട്ട മുഴുവന്‍ പോലിസ് ഏമാന്മാരും ഉണ്െടന്നാണു കേള്‍ക്കുന്നത്. ഇവരെല്ലാം ഒരേ സമുദായത്തില്‍നിന്നുള്ളവരാവുന്ന ബഹുസ്വര വിചിത്ര മാജിക്കിന്റെ മാന്ത്രിക പ്രഭാവലയത്തില്‍ കണ്ണഞ്ചിപ്പോവുകയാണു നാം.
എന്നിട്ടും പ്രകോപിതരാവാത്ത സമുദായത്തിന് പൂച്ചെണ്ടു നല്‍കുന്നതിനു പകരം മുള്‍ക്കിരീടം സമ്മാനിച്ച് സംപ്രീതരായി നില്‍ക്കുകയായിരുന്നു നാലാം എസ്റേറ്റും മെഗാഫോണുകളും. നബിതങ്ങളെയല്ല, പാണക്കാട് തങ്ങളെപ്പറ്റിയായിരുന്നു പ്രഫ. ജോസഫിന്റെ ചോദ്യാവലി എങ്കില്‍ എന്താവുമായിരുന്നു പുകില്‍ എന്നൊന്ന് ആലോചിക്കുന്നതും നല്ലതാണ്. അപ്പോള്‍ മീഡിയകളുടെ നിലപാടുകളെക്കുറിച്ചും നമുക്കു ഭാവന നടത്താവുന്നതാണ്. ജോസഫ് സംഭവത്തിലും ഹിന്ദുത്വനിലപാടും ക്രൈസ്തവ-മാധ്യമ നിലപാടുകളും സാദൃശ്യപ്പെടുന്നത് യാദൃച്ഛികമാവാനിടയില്ല. ലൌ ജിഹാദ് തന്ത്രം ചീറ്റിപ്പോയതിനു പിറകെയാണ് കൈവെട്ട് കേസ് ആഘോഷിക്കപ്പെട്ടത്. ഇവ തമ്മില്‍ ബന്ധമില്ലെന്നു കരുതുന്നത് മൌഢ്യം. 
പത്തനംതിട്ട സെന്റ് ജോണ്‍സ് കോളജില്‍ രണ്ടു പെണ്‍കുട്ടികള്‍ മുസ്ലിംയുവാക്കളെ പ്രണയിച്ചതോടെ തുടങ്ങിയ ലൌ വിരുദ്ധ മാധ്യമ ജിഹാദ് പക്ഷേ, നൂറുകണക്കിനു മുസ്ലിം കുട്ടികളെ ആരൊക്കെയോ പ്രണയിച്ച് വിവാഹം കഴിച്ചപ്പോഴോ അവരെ ചുവന്ന തെരുവില്‍ വില്‍പ്പന നടത്തിയപ്പോഴോ ആഭരണങ്ങളും ചാരിത്യ്രവും മോഷ്ടിച്ച് തെരുവില്‍ തള്ളിയപ്പോഴോ സെന്‍സേഷനല്‍ ഉറഞ്ഞുതുള്ളലുകള്‍ നടത്തിയില്ലെന്നതു ശ്രദ്ധേയമാണ്. ഇതേ ഹിന്ദുത്വ വെബ്സൈറ്റ് ഭാഷ്യം പച്ചയായി വിളിച്ചുപറഞ്ഞ ഒരു മുഖ്യമന്ത്രിയും നമുക്കുണ്ടായിരുന്നു. കോടതി തിരുത്തിയിട്ടും തിരുത്താത്ത വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ മാപ്പുപറഞ്ഞിട്ട് കാര്യമൊന്നുമില്ല. വിതയ്ക്കേണ്ട അപകടങ്ങള്‍ അദ്ദേഹം നേരത്തേ വിതച്ചുകഴിഞ്ഞു.
കേരളത്തില്‍ വര്‍ഗീയകലാപം പടച്ചുവിടാനുള്ള ബോധപൂര്‍വ നീക്കങ്ങള്‍ക്കു കൂട്ടുനിന്ന മാധ്യമങ്ങള്‍ സാമാന്യ മാധ്യമമര്യാദകളുടെ നഗ്നലംഘനം നടത്തിയപ്പോള്‍ ഒരു സാംസ്കാരികനായകന്റെയും ധാര്‍മികരോഷമുണര്‍ന്നില്ല. ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളുമായി എല്ലാ സൌഹൃദങ്ങളും അവസാനിപ്പിക്കേണ്ടിവരുകയോ പഠനം തന്നെ നിര്‍ത്തേണ്ടിവരുകയോ ചെയ്തവരെക്കുറിച്ചും ആര്‍ക്കുമില്ല ഉല്‍ക്കണ്ഠ. മംഗലാപുരത്ത് ഈ പേരില്‍ ആട്ടിയോടിക്കപ്പെട്ട വിദ്യാര്‍ഥികളുടെ കണക്കുമില്ല.
ചിത്രത്തിന് കടപ്പാട് : http://lovejihadkerala.blogspot.com/
പത്തനംതിട്ട കോളജിലെ പ്രണയിച്ച യുവതികള്‍ ഇന്ന് എവിടെയെന്ന് എന്തേ ഒരു ചാനലിന്റെ പാപ്പരാസികളും അന്വേഷിക്കാത്തത്? ആ പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പുണ്േടാ? എങ്കില്‍ എവിടെ? എങ്ങനെ?
ലൌ ജിഹാദ് എന്ന നുണബോംബ് സ്ഫോടനം വഴി സംസ്ഥാനത്തുടനീളം സൃഷ്ടിച്ച അസ്ക്യതയുടെ, പരമതവിദ്വേഷത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ച് തൈ ആയി കുലച്ചുനില്‍ക്കുകയാണ്. ഏതു നിമിഷവും വിളവെടുക്കാന്‍ പാകത്തില്‍ നില്‍ക്കുന്നു അത്. ധര്‍മബോധവും പത്രധര്‍മവും തരിമ്പെങ്കിലും അക്ഷരാഗ്നിക്കുള്ളില്‍ ചെപ്പിലടച്ചു സൂക്ഷിക്കുന്നുണ്െടങ്കില്‍ മുഖ്യധാരാ മുത്തശ്ശിമാരും മുത്തച്ഛന്‍മാരും ഒരു നിമിഷമൊന്നു നിവര്‍ന്നുനിന്ന് നെഞ്ചത്തു കൈവച്ചു പറയാമോ, ഞങ്ങളിതാ കുമ്പസാരിക്കുന്നുവെന്ന്. അല്ലെങ്കില്‍, യേശുവിനെ കുരിശിലേറ്റാന്‍ വിധിച്ച ബറാബസുമാരെപ്പോലെ ഒരു തൊട്ടി വെള്ളം വരുത്തി കൈകഴുകൂ; എന്നിട്ട് പറയൂ, ഞങ്ങള്‍ക്കീ രക്തത്തില്‍ പങ്കില്ലെന്ന്. അങ്ങനെയായിരുന്നല്ലോ യേശുദേവ കുരിശാരോഹണം. യേശു കുറ്റം ചെയ്തുവോ എന്നു വിചാരണ നടത്തിയിട്ടല്ലല്ലോ കുരിശില്‍ തറയ്ക്കാന്‍ വിധിച്ചത്. ഭൂരിപക്ഷഹിതത്തിനു വിപരീതമായി വെള്ളിക്കാശുകള്‍ കൈപ്പറ്റി അംഗുലീപരിമിതരായ ചില പരിഷകള്‍ (ഇന്നത്തെ മാധ്യമവിചാരണക്കാരുടെ അന്നത്തെ റോള്‍ അഭിനയിച്ച കൂട്ടര്‍) യേശുവിനെ കുരിശിലേറ്റുക എന്ന മുദ്രാവാക്യം വിളിക്കുകയായിരുന്നു. പരസ്യപ്രചാരണത്തിന്റെ ഇത്തരം ഹീനതന്ത്രങ്ങള്‍ക്കു വഴങ്ങിയാണ് ബറാബസുമാര്‍ യേശുവിനെ കുരിശിലേറ്റിയത്. പക്ഷേ, അവര്‍ വെള്ളം വരുത്തി കൈകഴുകി ഈ രക്തത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു പ്രഖ്യാപിച്ചു.
ചിത്രത്തിന് കടപ്പാട് : http://lovejihadkerala.blogspot.com/
മലയാളത്തിലെ മഹാന്മാരായ പത്രസുഹൃത്തുക്കളേ, ആദരണീയരായ പത്രാധിപന്മാരേ, അത്രയെങ്കിലും ചെയ്യാനോ കുമ്പസാരിക്കാനോ നിങ്ങള്‍ തയ്യാറുണ്േടാ?
ഇല്ലാത്ത കവര്‍ച്ച നടന്നതായി സ്കൂപ്പ് വാര്‍ത്ത സൃഷ്ടിച്ച റിപോര്‍ട്ടറെ പുറത്താക്കിയ ലോകത്തെ ഏറ്റവും വലിയ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ പത്രാധിപര്‍ മാത്രമല്ല, പത്രാധിപസമിതി അംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചിട്ട് ഏതാണ്ടിപ്പോള്‍ അഞ്ചുവര്‍ഷമാവുന്നു. അത്രയൊന്നും ലോക മലയാളവായനക്കാര്‍ ആഗ്രഹിക്കുന്നില്ല. മതസൌഹാര്‍ദം തകര്‍ത്ത് സംസ്ഥാനത്ത് വര്‍ഗീയകലാപമുണ്ടാക്കാനുള്ള ഹീനതന്ത്രത്തിനു കൂട്ടുനിന്ന നിങ്ങളുടെ റിപോര്‍ട്ടര്‍മാരുടെ പേരില്‍ ഒരു ചെറിയ നടപടിയെടുത്ത് മാതൃക കാണിക്കാനുള്ള സാമാന്യമായ ആര്‍ജവം നിങ്ങള്‍ക്കുണ്െടങ്കില്‍ കേരളത്തിന്റെ മനസ്സാക്ഷി നിങ്ങളുടെ നിരപരാധിത്വം സമ്മതിച്ചുതരും.
(അഹ്മദ് ശരീഫ് പി, തേജസ്‌ ദിനപത്രം,  ജനുവരി 7, 2012.)

തുടര്‍ വായനക്ക്

In the name of Love : a Documentary on Love Jihad in Kerala

http://www.youtube.com/watch?v=-NRUprByAHE

Representation of Religious and Caste Minorities in Malayalam Media
Indian Womens Press Corps
http://rajiraouf.wordpress.com/tag/manorama/  

Manorama and Blackmoney
http://socialistplatform.blogspot.com/2011/02/manorama-familys-arun-mammen-in-list-of.html 

"Dont we need a newspaper act here under which reporters and newspaper editors will be send to jail for publishing factual mistakes, even if they are in reported speech. Love Jihad was such a nonsense."  Kenney Jacob

http://www.kenneyjacob.com/2009/11/24/it-act-is-there-how-about-a-newspaper-act/ 

WikiPedia biased article edited by Sanghparivar on Love Jihad
http://en.wikipedia.org/wiki/Love_Jihad