2012, ഫെബ്രുവരി 4, ശനിയാഴ്‌ച

ഒരു മാധ്യമവും കുറേ മാധ്യമങ്ങളും

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പരിണതി എന്തായിരിക്കുമെന്നു പ്രവചിക്കാന്‍ പാഴൂര്‍പ്പടി വരെ പോവേണ്ട കാര്യമൊന്നുമില്ല. മാധ്യമലോകത്തെക്കുറിച്ചു സാമാന്യധാരണയെങ്കിലുമുള്ള ആര്‍ക്കും സംഗതി എവിടെ ചെന്ന് അവസാനിക്കുമെന്നു കൃത്യമായി പറയാനാവും. കള്ളനെ വെറുതെവിട്ട്, അയാളെ പിടികൂടിയ പാവത്താനെ തല്ലുന്ന പതിവുകാഴ്ച തന്നെയാവും അവസാന ഫ്രെയിമില്‍ നമുക്കു കാണാനാവുക.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല; അവസാനത്തെ സംഭവവുമല്ല. തിരശ്ശീല താഴ്ത്താതെ തുടരുന്ന ഈ പൊറാട്ടുനാടകം ആവര്‍ത്തിച്ചുകൊണ്േടയിരിക്കും. ഒരിക്കല്‍ ലൌ ജിഹാദ്, പിന്നെ ലെറ്റര്‍ ബോംബ്, അതുകഴിഞ്ഞ് സദാചാര പോലിസ്.... എല്ലാം കണ്ട് ഇമചിമ്മിയില്ല; അപ്പോഴേക്കും പുതിയ നാടകമായി.
സമ്പൂര്‍ണ സാക്ഷരതയുള്ള, വിപ്ളവപ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുള്ള, ന്യൂനപക്ഷസംഘടനകള്‍ക്കു മികച്ച പിന്‍ബലമുള്ള നാടാണിത്. ഞങ്ങളുള്ളകാലത്തോളം ന്യൂനപക്ഷവേട്ട അനുവദിക്കില്ലെന്നു പേര്‍ത്തും പേര്‍ത്തും പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഭരണം കൈയാളുന്നത് ഇവിടെയാണ്. എന്നിട്ടും ഇടതടവില്ലാതെ ഇതെല്ലാം ആവര്‍ത്തിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് എന്താണ്? ഒന്നുകില്‍ സമുദായപ്പാര്‍ട്ടിയുടെ പ്രഖ്യാപനത്തില്‍ അശേഷം ആത്മാര്‍ഥതയില്ല; അല്ലെങ്കില്‍, 'ഇവനൊക്കെ എന്നാ ചെയ്യാനാ' എന്നു കൂടെ ഭരിക്കുന്നവര്‍ക്ക് ഈ കക്ഷിയെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. രണ്ടായാലും ഫലം ഒന്നുതന്നെ.
അവരുടെ കാര്യമല്ല പറഞ്ഞുവരുന്നത്. മറ്റൊരു കൂട്ടരുണ്ടല്ലോ- നാലാംതൂണുകാര്‍; ഫോര്‍ത്ത് എസ്റ്റേറ്റ്. അവരുടെ ഒരു സഹജീവിയെയാണ് ഒരു വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ഭരണകൂടം ചിത്രവധം ചെയ്യാന്‍ ശ്രമിക്കുന്നത്. ലോകത്തെ സകലമാന പൌരാവകാശ ലംഘനങ്ങള്‍ക്കുമെതിരേ പോരാടുന്നുവെന്ന് അവകാശപ്പെടുന്നവര്‍, പീഡിപ്പിക്കപ്പെടുന്ന ഈ സഹജീവിയെ പ്രതിരോധിക്കാനല്ല ഒടുവില്‍ പാഞ്ഞെത്തിയിരിക്കുന്നത്; പിന്നില്‍നിന്നു കുത്താനാണ്. സഹജീവിക്കു പറ്റിയ ചെറിയൊരു സ്ഖലിതം പര്‍വതീകരിച്ചുകാട്ടി വാദിയെ പ്രതിയാക്കാനാണ് ഇവര്‍ കൊണ്ടുപിടിച്ചുശ്രമിക്കുന്നത്. ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെടാത്ത നിരപരാധികളുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഉത്തരവിട്ട ഭരണകൂടം ഇവര്‍ക്ക് ഇപ്പോള്‍ പഞ്ചപാവം!
മാധ്യമത്തിനു നേരെ മുഖ്യധാരാമാധ്യമങ്ങളുടെ ഒത്താശയോടെ നടക്കുന്ന നിഴല്‍യുദ്ധം ഇതാദ്യമല്ല. പത്രത്തിന്റെ തുടക്കം മുതല്‍ കൂടിയും കുറഞ്ഞും അതു തുടര്‍ന്നിരുന്നു. മുഖ്യധാരാ പത്രങ്ങളിലെ വര്‍ഗീയച്ചുവയുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി വായനക്കാര്‍ മാധ്യമത്തില്‍ എഴുതിത്തുടങ്ങിയപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതായവര്‍ ആദ്യം അനുനയത്തിലും പിന്നീട് സ്വരം കടുപ്പിച്ചും ഡസ്ക്കിലേക്ക് നിരന്തരം വിളിക്കുമായിരുന്നു. മാധ്യമം ഗള്‍ഫില്‍ പ്രസിദ്ധീകരണം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍, അവിടെ മര്‍മപ്രധാന പദവികളിലുള്ള സ്വന്തം സമുദായക്കാരെ ഉപയോഗിച്ചു തടയിടാനും ഇതേ 'മതേതര'പത്രം ശ്രമിച്ചു.
മാധ്യമം ഇന്ന് അതിരുകള്‍ ഭേദിച്ചു പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു. അനുബന്ധ പ്രസിദ്ധീകരണങ്ങള്‍ വേറെ. ഇപ്പോഴിതാ ചാനലും. മുഖ്യധാരാ മാധ്യമസമൂഹത്തിലേക്കു തലയെടുപ്പോടെ കടന്നുവന്ന് ഇരിപ്പിടമുറപ്പിക്കുകയാണ് ഈ പത്രം. ഈ കടന്നുവരവ് കണ്ടു തല പെരുത്തുപോയ പത്രത്തമ്പുരാക്കന്‍മാര്‍ അടങ്ങിയിരിക്കുന്നതെങ്ങനെ? കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് അവര്‍ ആഞ്ഞുവെട്ടുകയാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ കളവാണെന്നു വരുത്തിത്തീര്‍ക്കേണ്ടത് ഉമ്മന്‍ചാണ്ടിയേക്കാള്‍ ആവശ്യം അവര്‍ക്കാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മുന്‍നിരയില്‍നിന്നു പടനയിക്കുമ്പോള്‍ അകമ്പടിസേവയ്ക്കായി ആശ്രിതരായ ആര്യാടന്‍മാര്‍ അഹമഹമികയാ മുന്നോട്ടുവരുന്നതു സ്വാഭാവികം. അവരോടൊപ്പം അസൂയക്കാരും അസഹിഷ്ണുതാവാദിയുമൊക്കെ അണിനിരന്നതോടെ അസുരപക്ഷം തികഞ്ഞ ആഹ്ളാദത്തിമര്‍പ്പിലാണ്.

പിന്‍കുറി: പഴയൊരു അനുഭവം ഓര്‍മവരുകയാണ്. ഐ.എസ്.എസ് പിരിച്ചുവിട്ട് അബ്ദുന്നാസിര്‍ മഅ്ദനി ഒളിവില്‍പ്പോയ കാലം. മഅദ്നിക്കുവേണ്ടി കേരള പോലിസ് ഇന്റര്‍പോളിന്റെ സഹായം തേടി രാജ്യത്തിന് അകത്തും പുറത്തും വലവിരിച്ചിരിക്കുന്ന സമയം. മഅ്ദനി പാകിസ്താനിലേക്കു കടന്നു; അല്ല, ഗള്‍ഫില്‍ വച്ചു കണ്ടു എന്നിങ്ങനെ മുഖ്യധാരാപത്രങ്ങള്‍ ദിവസവും സ്കൂപ്പുകള്‍ പുറത്തുവിട്ട് രംഗം കൊഴുപ്പിക്കുകയാണ്. മഅ്ദനിയുമായി ഫോണിലൂടെയെങ്കിലും ഒരു ഇന്റര്‍വ്യൂ തരപ്പെടുത്താനുള്ള എന്റെ ശ്രമം ചെന്നെത്തിയത് അദ്ദേഹവുമായി നേരിട്ടുള്ള കൂടിക്കാഴ്ചയിലാണ്. തൃശൂരിലെ തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ മാറിമാറിക്കയറി നീണ്ട ഒരു രാത്രികൊണ്ടാണ് ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയത്. ചൂടോടെ തന്നെ ഡസ്ക്കിലേക്ക് അയച്ചെങ്കിലും മാധ്യമം അതു പ്രസിദ്ധീകരിച്ചില്ല.
സ്വരക്ഷപോലും പണയപ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍വ്യൂ എങ്ങനെയെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്താല്‍ അത് മറ്റൊരു പ്രമുഖ പത്രത്തിനു തരപ്പെടുത്തിക്കൊടുത്തു. അവരത് ഒന്നാംപേജില്‍ എട്ടു കോളത്തില്‍ സൂപ്പര്‍ ലീഡായി വീശി. ആ വര്‍ഷത്തെ ഏറ്റവും മികച്ച വാര്‍ത്തയെന്നാണു മലയാള മനോരമയുടെ എഡിറ്റോറിയല്‍ മേധാവി തോമസ് ജേക്കബ് അതിനെ വിശേഷിപ്പിച്ചത്. ഇന്റര്‍വ്യൂ കൊടുക്കാന്‍ വിസമ്മതിച്ച മാധ്യമം പത്രാധിപരോട് അന്നു കടുത്ത നീരസം തോന്നിയിരുന്നു. ഇക്കാര്യം പിന്നീട് പുറത്തറിഞ്ഞപ്പോള്‍, വായനക്കാരും അഭ്യുദയകാംക്ഷികളും മാധ്യമം പത്രാധിപസമിതി അംഗങ്ങളോട് ക്ഷോഭിച്ചതായും അറിയാം.
അന്നു മാധ്യമം ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു പുകില്! രാജ്യദ്രോഹിയായ മഅ്ദനിയെ മാധ്യമം ഒളിവില്‍ പാര്‍പ്പിച്ചെന്നായിരിക്കും ബ്രേക്കിങ് ന്യൂസ്. എന്നിട്ട് സെന്‍സേഷനല്‍ സൃഷ്ടിക്കാനായി സ്വന്തം റിപോര്‍ട്ടറെ വിട്ട് ഇന്റര്‍വ്യൂ നടത്തിയെന്നും ആരോപണമുയര്‍ന്നേനെ. ആ വര്‍ഷത്തെ ഏറ്റവും മികച്ച വാര്‍ത്തയെന്നു പ്രശംസിച്ച തോമസ് ജേക്കബിന്റെ പത്രം തന്നെയാവും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടാവുക. ലൌ ജിഹാദിലും കൈവെട്ടുകേസിലുമൊക്കെ നാമതു കണ്ടതാണല്ലോ.