ബ്രിട്ടീഷ്‌ ഭരണകാലത്തെ മലയാളി പത്ര പ്രവര്‍ത്തനം


പാശ്ചാത്യ സാമ്രാജ്യത്വങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ നടന്ന സ്വാതന്ത്യ്രസമരത്തിനും യാഥാസ്ഥിതികത്വത്തിനുമെതിരേ ശബ്ദമുയര്‍ത്തിയ മുസ്ലിം നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പോരാടിയ കുറച്ചു പത്രങ്ങള്‍ കൊളോണിയല്‍ ഇന്ത്യയിലുണ്ടായിരുന്നു. 1924 ഒക്ടോബര്‍ 12ന്- അന്നു നബിദിനമായിരുന്നു- കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ അല്‍ അമീന്‍ പത്രത്തിന് അക്കൂട്ടത്തില്‍ പ്രമുഖ സ്ഥാനമുണ്ട്.
അക്കാലത്ത് കോഴിക്കോട്ട് നിന്ന് മാതൃഭൂമി, കേരള പത്രിക, കേരള സഞ്ചാരി, മനോരമ, മിതവാദി എന്നീ മലയാളപത്രങ്ങളും വെസ്റ്കോസ്റ്റ്, സ്പെക്ട്രേറ്റര്‍, വെസ്റ്റ്കോസ്റ്റ് റിഫോര്‍മര്‍, ചാംപ്യന്‍ എന്നീ ഇംഗ്ളീഷ് പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ മാതൃഭൂമി ഒഴികെയുള്ള പത്രങ്ങളെല്ലാം സ്വാതന്ത്യ്രസമരവിരുദ്ധ-ബ്രിട്ടീഷ് അനുകൂല നിലപാടിലായിരുന്നു.
ഐ.സി.എസ് ഓഫിസറാവാനുള്ള മോഹം ഉപേക്ഷിച്ച് മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്നിറങ്ങി അലിഗഡില്‍ ജാമിഅ മില്ലിയയില്‍ മൌലാനാ മുഹമ്മദലിയുടെ ശിഷ്യനായി മുഹമ്മദ് അബ്ദുര്‍റഹ്്മാന്‍ എന്ന മലയാളി യുവാവ്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ ഖിലാഫത്ത് നിസ്സഹകരണപ്രസ്ഥാനങ്ങള്‍ മുന്നേറാന്‍ തുടങ്ങി. ചരിത്രം പഠിപ്പിക്കലിനും പഠിക്കലിനും താല്‍ക്കാലികമായി വിടനല്‍കി ചരിത്രസൃഷ്ടിയിലേര്‍പ്പെടാന്‍ ഉസ്താദും ശിഷ്യനും തീരുമാനിച്ചു. സ്വാതന്ത്യ്രസമരത്തിനു കരുത്തുനല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മലബാറിലേക്കു പോവാനുള്ള മൌലാനാ മുഹമ്മദലിയുടെ നിര്‍ദേശം മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സ്വീകരിച്ചു. അദ്ദേഹം ദക്ഷിണേന്ത്യയിലേക്കു വണ്ടികയറി.
മൂന്നുദിവസം നീണ്ടുനിന്ന ആ യാത്രയ്ക്കിടയില്‍ മലബാറില്‍ പ്രാവര്‍ത്തികമാക്കേണ്ട പരിപാടികള്‍ സ്വയം പ്ളാന്‍ ചെയ്തു. അതിലൊന്ന് അല്‍ അമീന്‍ എന്ന പേരില്‍ ഒരു മലയാളപത്രം തുടങ്ങുക എന്നതായിരുന്നു.
കോഴിക്കോട്ടെത്തി ഖിലാഫത്ത് സംഘടനയുടെ ജനറല്‍ സെക്രട്ടറിസ്ഥാനം ഏറ്റെടുത്ത മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് 1921 ഡിസംബറില്‍ ജയിലിലായി. സഹതടവുകാരായ ഹസ്സന്‍കോയ മുല്ല, ഇ മൊയ്തുമൌലവി തുടങ്ങിയവരോട് പത്രത്തിന്റെ ആവശ്യകതയെപ്പറ്റി ചര്‍ച്ചചെയ്തു. അവര്‍ പച്ചക്കൊടി കാട്ടി. രണ്ടുകൊല്ലത്തിനുശേഷം സ്വതന്ത്രമായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് അല്‍ അമീന്‍ പബ്ളിഷിങ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം രൂപീകരിച്ചു. അതിന്റെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ സാഹിബ് ബര്‍മയിലും സിലോണിലും പോയി, ഷെയര്‍ പിരിവിന്. പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. ഉദാരമതിയായ ധര്‍മിഷ്ടന്‍ എന്നു പുകഴ്ത്തപ്പെടുന്ന കൊളമ്പ് ഇമ്പിച്ചിഹാജിയെ സമീപിച്ചപ്പോള്‍ ഒരു ഷെയര്‍പോലും വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അന്നു ഭരിക്കുന്ന രാജാവിനെ അനുസരിക്കണമെന്ന പിന്തിരിപ്പന്‍ ചിന്താഗതിക്കാരായ മുസ്ലിം പണ്ഡിതമൂഢന്‍മാര്‍ ഇടംകോലിട്ടതാണ് ഇതിനു കാരണം. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. സാമാന്യം വലിയൊരു തുക മുഹമ്മദ് അബ്ദുര്‍റഹ്്മാന്‍ എന്ന വ്യക്തിക്ക് സംഭാവനയായി നല്‍കാന്‍ ഇമ്പിച്ചിഹാജി തയ്യാറായി. അതു നന്ദിപൂര്‍വം നിരസിക്കപ്പെട്ടു.
ഷെയര്‍ പിരിവിലൂടെ നേടിയ തുകയും മുഹമ്മദ് അബ്ദുര്‍റഹ്്മാന്‍ സാഹിബിനു പൈതൃകമായി ലഭിച്ച ഭൂസ്വത്തുക്കള്‍ വിറ്റു കിട്ടിയ പണവും ഉപയോഗിച്ച് പ്രസ്സും മറ്റ് ഉപകരണങ്ങളും വാങ്ങി. മഹാകവി വള്ളത്തോളിന്റെ ആശംസാ കവിതയോടുകൂടി 1924 ഒക്ടോബര്‍ 12ന് അല്‍ അമീന്‍ ഒന്നാംലക്കം പുറത്തിറങ്ങി. സാമ്പത്തിക ഞെരുക്കംമൂലം ദിനപത്രമായിരുന്നില്ല. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരുന്നു അത് പ്രസിദ്ധീകരിച്ചിരുന്നത്.
മുഹമ്മദ് അബ്ദുര്‍റഹ്്മാന്‍ സാഹിബ് എഡിറ്റര്‍, ഇ മൊയ്തു മൌലവി ചീഫ് സബ് എഡിറ്റര്‍. അവരുടെ ശമ്പളം യഥാക്രമം 50, 30 രൂപ. പത്രാധിപസമിതിയിലെ എ മുഹമ്മദ്കണ്ണ്, വക്കം അബ്ദുള്‍ഖാദര്‍, വൈക്കം സെയ്തു മുഹമ്മദ്, എം വി മൊയ്തീന്‍കോയ, മാനേജര്‍ കുഞ്ഞുമുഹമ്മദ്, ക്ളാര്‍ക്ക് ഹിദായത്ത് അഹമ്മദ് എന്നിവരുടെ ശമ്പളം 25 രൂപ വീതം. ഒരുരൂപയ്ക്ക് 64 ചായയോ 16 ഊണോ ലഭിക്കുന്ന കാലത്ത് അല്‍ അമീനിലെ ശമ്പളസ്കെയില്‍ അത്ര മോശമായിരുന്നില്ല. പക്ഷേ, ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന പഴഞ്ചൊല്ലില്‍ പതിരില്ലല്ലോ. പത്രം അടിക്കാനുള്ള കടലാസും മഷിയും വാങ്ങാനും തൊഴിലാളികള്‍ക്ക് കൂലികൊടുക്കാനുമുള്ള കാശിനുവേണ്ടി നിത്യേന പെടാപ്പാട് അനുഭവിക്കാനായിരുന്നു അല്‍ അമീന്‍ നടത്തിപ്പുകാരുടെ വിധി. മാപ്പിളമാരുടെ സമരവീര്യം നിര്‍വീര്യമാക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം ആവിഷ്കരിച്ച ആന്തമാന്‍ സ്കീമിനെ അല്‍ അമീന്‍ രൂക്ഷമായി വിമര്‍ശിച്ചു. മുസ്ലിംകള്‍ക്കിടയിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെയും ശക്തിയായി എതിര്‍ക്കാതെ അല്‍ അമീന്റെ ഒരുലക്കവും പുറത്തുവന്നില്ല. 1930 ജൂണ്‍ 25 മുതല്‍ അല്‍ അമീന്‍ ദിനപത്രമായി. അതോടുകൂടി പത്രത്തിന്റെ പ്രചാരം വര്‍ധിച്ചു. ഇതു സര്‍ക്കാരിനെ ബേജാറാക്കി. ആഗസ്ത് 4ന് ഗവണ്‍മെന്റ് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. അതനുസരിച്ച് 2,000 രൂപ ജാമ്യസംഖ്യയായി ഖജാനയില്‍ അടയ്ക്കാന്‍ കലക്ടര്‍ കല്‍പ്പിച്ചു. ഉപ്പുസത്യഗ്രഹം നയിച്ചതിന് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അക്കാലത്ത് ജയിലിലായിരുന്നു. സര്‍ക്കാരിന്റെ അന്യായമായ കല്‍പ്പന അനുസരിക്കരുതെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് പത്രം കണ്ടുകെട്ടി.
 ഒരു ബൃഹദ്ഗ്രന്ഥം രചിക്കാനുള്ള സംഭവങ്ങള്‍ അല്‍ അമീന്‍ ചരിത്രത്തിലുണ്ട്. ഈ ലേഖനം ഒരു ഓര്‍മപുതുക്കല്‍ മാത്രം.
അല്‍ അമീന്‍ പത്രത്തിന്റെ ജന്മദിന ചിന്തകള്‍, എം റഷീദ്

2 അഭിപ്രായങ്ങൾ: