അല്‍ ഉമ്മ തലവന്‍ ബാഷ |
1993 ആഗസ്ത് എട്ടിനാണു കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. 1992 ഡിസംബര്‍ ആറിന്റെ ബാബരിധ്വംസനത്തോടനുബന്ധിച്ചു മുസ്ലിംഭീകരവാദികള്‍ ഹിന്ദുസംഘടനകള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ നിരവധി സംഭവങ്ങളില്‍ ഒന്നാണിതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ചെന്നൈയിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തു പ്രതികള്‍ ബോംബ് വയ്ക്കുകയും സ്ഫോടനത്തില്‍ 11 പേര്‍ വധിക്കപ്പെടുകയും ചെയ്തുവെന്നും കേസുണ്ടായിരുന്നു. ആകെ 18 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ബാഷ, പളനിബാബ, ഇമാം അലി എന്നിവരൊക്കെ ഉള്‍പ്പെട്ടതായിരുന്നു പ്രതിപ്പട്ടിക. കേസില്‍ വിധി വരുന്നതിനുമുമ്പുതന്നെ 1997ല്‍ പളനിബാബയും 2002ല്‍ ഇമാം അലിയും കൊല്ലപ്പെട്ടു. ടാഡ കോടതിയിലായിരുന്നു കേസിന്റെ വിചാരണ. ആര്‍.ഡി.എക്സ്. ഉപയോഗിച്ചു നടത്തിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഫോടനമെന്നു ടാഡ കോടതി ജഡ്ജി ടി. രാമസ്വാമിയുടെ പരാമര്‍ശം. 505 പേജ് വരുന്ന വിധിന്യായത്തില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു.
കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച സുപ്രിംകോടതി പ്രതികളെ വെറുതെവിടുകയാണു ചെയ്തത്. പ്രോസിക്യൂഷന്‍ തന്ത്രപൂര്‍വം മെനഞ്ഞ കെട്ടുകഥയുടെ മര്‍മത്തിലാണു സുപ്രിംകോടതിയുടെ ചുറ്റിക ആഞ്ഞുപതിച്ചത്. ജലാറ്റിന്‍ ഉപയോഗിച്ചു നടത്തപ്പെട്ടുവെന്നു പറയുന്ന സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളിലൊന്നും തന്നെ അതിന്റെ അംശങ്ങള്‍ കാണാനായില്ലെന്ന ശാസ്ത്രീയപരീക്ഷണഫലമാണു കോടതി പരിഗണിച്ചത്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച 30 ലോറി നിറയെ വരുന്ന അവശിഷ്ടങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലാണു പരിശോധനയ്ക്കു വിധേയമാക്കിയത്.
ഗുഡിയതാമില്‍ നിന്നു സ്ഫോടനത്തിനായി പ്രതികള്‍ 13 കിലോ ജലാറ്റിന്‍ വാങ്ങിയെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചെങ്കിലും അതിനു പിന്നീടെന്തു സംഭവിച്ചുവെന്നു പറയുന്നില്ല. ശവശരീരങ്ങളിലും വസ്ത്രങ്ങളിലും കെട്ടിടഭാഗങ്ങളിലുമെല്ലാം ആര്‍.ഡി.എക്സിന്റെ അംശങ്ങളാണു കണ്െടത്താന്‍ സാധിച്ചത്. ജലാറ്റിന്റെ യാതൊരു സൂചനയും കണ്െടത്താനായില്ല. ജലാറ്റിനല്ലാതെ മറ്റൊരു സ്ഫോടകവസ്തുവിനെക്കുറിച്ചും പ്രതികള്‍ കുറ്റസമ്മതം നടത്തുകയുമുണ്ടായില്ല. പോലിസിനാവട്ടെ, മറ്റു സ്ഫോടകവസ്തുക്കളിലേക്കു നയിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാനും കഴിഞ്ഞില്ല.
ആര്‍.ഡി.എക്സിനെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുവരാനുള്ള സാധ്യത പക്ഷേ, കുതന്ത്രശാലികളായ അന്വേഷണോദ്യോഗസ്ഥര്‍ നേരത്തേ പ്രതീക്ഷിച്ചിരുന്നു. അതിനവര്‍ തങ്ങളുടെ ബുദ്ധിയിലുദിച്ച 'മഹത്തായ' ഉത്തരം കണ്െടത്തി അവതരിപ്പിക്കുകയും ചെയ്തു. ഇമാം അലിക്കും മുഷ്താഖ് അഹ്മദിനും മാത്രമേ ഇതിനെക്കുറിച്ച് അറിയാവൂ എന്നാണവര്‍ ബോധിപ്പിച്ചത്. ഇമാം അലി അന്വേഷണത്തിനിടെ കൊല്ലപ്പെട്ടു. മുഷ്താഖ് അഹ്മദിനെ പിടികൂടാന്‍ സാധിച്ചതുമില്ല. തന്ത്രപരമായ പ്രോസിക്യൂഷന്‍ നീക്കത്തെ മുഖവിലയ്ക്കെടുക്കാന്‍ സുപ്രിംകോടതി തയ്യാറായില്ല.
പ്രതികള്‍ വാങ്ങിയെന്നു പറയുന്ന സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചില്ല; ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ വാങ്ങിയതായി തെളിവുമില്ല. എന്നിട്ടും മൂന്നു പ്രതികള്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു. അന്വേഷണത്തിനിടെ, കൊടുംഭീകരവാദിയായി മുദ്രയടിക്കപ്പെട്ട ഇമാം അലിക്കും പളനിബാബയ്ക്കും ജീവന്‍ തന്നെ നല്‍കേണ്ടിവന്നു.
അബൂബക്കര്‍ സിദ്ദീഖ്, റഫീഖ് അഹ്മദ്, ഹൈദര്‍ അലി തുടങ്ങിയവരെ വിട്ടയച്ചുകൊണ്ടു സുപ്രിംകോടതി ജഡ്ജിമാരായ സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്. നിജ്ജാര്‍ എന്നിവരുടെ വിധി പുറത്തുവന്നെങ്കിലും ആശങ്കയുണര്‍ത്തുന്ന ഒരു ചോദ്യം ബാക്കിനില്‍ക്കുന്നുണ്ട്. 1993ല്‍ ചെന്നൈ ആര്‍.എസ്.എസ്. ആസ്ഥാനം തകര്‍ക്കാനും 11 പേരെ വധിക്കാനും ഇടയാക്കിയ സ്ഫോടനത്തിനുപയോഗിച്ച ആര്‍.ഡി.എക്സ്. എവിടെനിന്നു വന്നു?
തങ്ങളുടെ മുന്നിലെത്തുന്ന കേസിന്റെ ന്യായാന്യായങ്ങള്‍ സംബന്ധിച്ചു വിധികല്‍പ്പിക്കേണ്ട ബാധ്യത മാത്രമേ കോടതികള്‍ക്കുള്ളൂ. പക്ഷേ, ഇന്ത്യയുടെ ഭാവിയില്‍ ഉല്‍ക്കണ്ഠയുള്ള പൌരസമൂഹത്തിന് ഇതിനേക്കാളേറെ ബാധ്യതയുണ്ട്. അടിക്കടി ഭീകരവാദികളാക്കപ്പെടുന്ന മുസ്ലിം സമുദായത്തിനാവട്ടെ, നിലനില്‍പ്പിനു പോലും ഈ അന്വേഷണം ഉപകാരപ്പെടും. പ്രത്യേകിച്ച്, മലേഗാവ്, മൊദാസ സ്ഫോടനകഥകളും അസിമാനന്ദ മൊഴികളും ഞെട്ടിച്ചുകൊണ്ടിരിക്കെ ആര്‍.ഡി.എക്സിന്റെ വരവ് അന്വേഷിച്ചാല്‍ ദക്ഷിണേന്ത്യയിലെ അസിമാനന്ദമാരെ കണ്െടത്തി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും. പക്ഷേ, പ്രമാദമായ കേസിലെ പ്രതിയായ സുരേഷ് നായരെ തിരയാന്‍ തയ്യാറല്ലെന്ന ധാര്‍ഷ്ട്യത്തില്‍ അടയിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഇത്തരം ബാധ്യത നിര്‍വഹിക്കാന്‍ കഴിയുമെന്ന വിശ്വാസം വലിയൊരളവോളം മൂഢത തന്നെയാവും.
എം.എം. റഫീഖ്, 1 ഫെബ്രുവരി 2011 , തേജസ് വാരിക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ