പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഗ്രാമത്തിലെ പുരോഹിതന്റെ പ്രാര്‍ഥനയ്ക്കു തടസ്സമായി. അവരെ ഒഴിവാക്കാന്‍ അദ്ദേഹം വിളിച്ചുപറഞ്ഞു: "അതാ പുഴയില്‍ ഒരു ഭീകരസത്വം! ഓടിച്ചെന്നു നോക്കിയാല്‍ കാണാം, അതിന്റെ മൂക്കില്‍ നിന്ന് തീ വരുന്നത്!'' പെട്ടെന്നു ഗ്രാമത്തിലുള്ളവരെല്ലാം സത്വം പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചു കേട്ട്. അതിനെ കാണാന്‍ ഓടി. അതു കണ്ടപ്പോള്‍ പുരോഹിതനും അവരോടൊപ്പം ഓടി. സത്വത്തെ കാണാന്‍ നാലുമൈല്‍ ദൂരം ഓടിക്കിതച്ചുപോവുമ്പോള്‍ അദ്ദേഹം ഓര്‍ത്തു! ഞാനാണ് ഈ കഥയുണ്ടാക്കിയതെന്നത് സത്യം. പക്ഷേ, ഇനിയത് മിണ്ടാനാവില്ല!
-ആന്റണി ഡി മെല്ലോ, കളകൂജനം
അതെ, ഇനിയതു മിണ്ടാനാവില്ല തന്നെ! കഥ മെനഞ്ഞവര്‍ പോലും സ്വന്തം കഥ വിശ്വസിച്ച് ഭയപ്പെടുന്നതായി ചില കഥകള്‍ കേട്ടിട്ടില്ലേ. ഏതാണ്ടിതേ അവസ്ഥയാണ് ഞാനനുഭവിച്ചത്. 52 ദിവസങ്ങള്‍ 'മതവൈരം വളര്‍ത്തുന്നവനാ'യി എറണാകുളം, മട്ടാഞ്ചേരി സബ് ജയിലുകളില്‍. ജൂലൈ 22ന് വൈകീട്ട് എന്നെ അറസ്റ് ചെയ്തു. പടവും പോലിസ് നല്‍കുന്ന വാര്‍ത്തയുമെടുക്കാന്‍ പിറ്റേന്നു പത്രക്കാരും ചാനലുകാരും ഓടിക്കൂടി. ഇല്ലാത്ത ആ സത്വം ഞാന്‍ തന്നെയായിരുന്നു! എന്നെക്കാണാനാണ്, കഥ മെനയാനാണ് അവര്‍ വന്നത്. മതതീവ്രവാദി, രാജ്യദ്രോഹി എന്നിങ്ങനെ പല 'ബഹുമതി'കളും പോലിസും പത്രക്കാരും ചാനലുകളും ചാര്‍ത്തിത്തന്നു. ഒരുവേള ഞാന്‍ കരുതിയത് പോലിസ് അവരുടെ കഥകളില്‍ വിശ്വസിക്കുന്നുവെന്നാണ്. പക്ഷേ, അവര്‍ക്കെന്നെ അറിയാമായിരുന്നു. മതനിഷ്ഠകളില്ലാത്ത താന്‍ ആഗ്രഹിച്ചാലും അപേക്ഷിച്ചാലും പോപുലര്‍ ഫ്രണ്ട് എന്നെ സംഘടനയിലംഗമാക്കില്ലെന്ന് 'എല്ലാമറിയുന്ന' പോലിസുദ്യോഗസ്ഥര്‍ തന്നെ എന്നോടു പറഞ്ഞു!
ജൂലൈ 23ന് ചാനലുകളില്‍ ഫ്ളാഷും സ്ക്രോളും വാര്‍ത്തയും ദൃശ്യങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ചു വന്നു. പിറ്റേന്ന് എല്ലാ പത്രങ്ങളിലും സചിത്ര വാര്‍ത്ത. മനോരമയാവട്ടെ, പോലിസ് ചാര്‍ജ് ചെയ്യാതിരുന്ന രാജ്യദ്രോഹക്കുറ്റവും ചാര്‍ത്തി. പക്ഷേ, അറസ്റിന് വെ റും രണ്ടുനാള്‍ മുമ്പ് മനോരമയടക്കം ഒന്നാംപേജില്‍ ഡല്‍ഹി ഡേറ്റ്ലൈനില്‍ നല്‍കിയ ഒരു വാര്‍ത്ത -പോലിസ് അതിക്രമങ്ങള്‍ക്കെതിരേ ഞാന്‍ നല്‍കിയ പരാതിയില്‍ ദേശീയമനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ഡി.ജി.പിയോടു രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ടാവശ്യപ്പെട്ട ജൂലൈ 16ന്റെ ഉത്തരവ്- യ്ക്ക് ഈ കേസിനുണ്ടായിരുന്ന കാര്യകാരണ ബന്ധത്തെക്കുറിച്ച് ആരും സൂചിപ്പിച്ചതേയില്ല. മാതൃഭൂമി മാത്രം അറസ്റ്വാര്‍ത്തയോടൊപ്പം എന്‍.സി.എച്ച്.ആര്‍.ഒ. ജനറല്‍ സെക്രട്ടറി കെ.എച്ച്. നാസറിന്റെ പ്രസ്താവനയില്‍ നിന്നു മേല്‍പ്പറഞ്ഞ കാര്യം വിശദീകരിക്കുന്ന ഭാഷ്യം നല്‍കി. ദേശാഭിമാനി 'പോപുലര്‍ ഫ്രണ്ടുകാരന്‍ അറസ്റില്‍' എന്നാണ് എഴുതിയത്. ജൂലൈ 20നും 24നുമിടയില്‍ വന്ന രണ്ടു വാര്‍ത്തകളിലുള്ള പരസ്പരബന്ധം വിസ്മരിച്ച പത്രധര്‍മം ജേണലിസം കോഴ്സിന് വിഷയമാക്കാവുന്ന ഗുരുതരമായ അനവധാനതയോ അധാര്‍മികതയോ ആണ്.
'വെല്‍', സുരേഷ് ഗോപിയുടെ ആകാര സുഭഗതയുള്ള അസിസ്റന്റ് കമ്മീഷണര്‍ വിരലുകളില്‍ പേന പിടപ്പിച്ച് തന്റെ കവിളില്‍ തട്ടി റിവോള്‍വിങ് ചെയറിലിരുന്ന് ഇടയ്ക്കിടെ ലാപ്ടോപ്പിലും സെല്‍ഫോണുകളിലും ശ്രദ്ധയൂന്നി എന്നോടു ചോദിച്ചു: "നീയാണ് എന്‍.എം. സിദ്ദീഖ്. മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്താല്‍ അവന്മാര്‍ ഞങ്ങളെയൊക്കെ പിടിച്ച് സസ്പെന്റ് ചെയ്യുമെന്നു വിചാരിച്ചോ? അതോ, ഞങ്ങളൊക്കെ മൂന്നാംമുറ നിര്‍ത്തി നല്ല കുട്ടികളാവുമെന്നു വ്യാമോഹിച്ചോ?'' "അല്ല സര്‍,''- ഞാന്‍ പറഞ്ഞു: "എനിക്ക് പോലിസിനെതിരേ വ്യക്തമായ ചില അറിവുകള്‍ കിട്ടി. ഞാനത് പരാതിയായി അയച്ചു.''
"പ്രസംഗം വേണ്ട''- അയാള്‍ ശബ്ദമുയര്‍ത്തി. നീതിപുലരാന്‍ ബദ്ധശ്രദ്ധനായ സിനിമയിലെ സുരേഷ്ഗോപിയല്ലല്ലോ അദ്ദേഹമെന്നു പെട്ടെന്നെനിക്കോര്‍മ വന്നു. എനിക്കു ദാഹിച്ചു. ഞാന്‍ വെള്ളമാവശ്യപ്പെട്ടു. നിന്നു കാലുകഴച്ച ഞാന്‍ എനിക്കൊന്നിരിക്കണമെന്നപേക്ഷിച്ചു. സി.ഐ, എസ്.ഐ, ഹെഡ്കോണ്‍സ്റബിള്‍ എന്നിവര്‍ക്ക് നടുവില്‍ അസിസ്റന്റ് കമ്മീഷണറുടെ ചോദ്യം ചെയ്യലിന്, വെള്ളം കുടിച്ച്, ഞാനിരുന്നു കൊടുത്തു.
ജൂലൈ 22ന് ഞാന്‍ എന്റെ ഓഫിസില്‍, കെ.എസ്.എഫ്.ഇ. മട്ടാഞ്ചേരി ബ്രാഞ്ചില്‍, ജോലിയില്‍ വ്യാപൃതനായിരിക്കേയാണ് എന്‍.സി.എച്ച്.ആര്‍.ഒ. എറണാകുളം ഓഫിസ് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു സ്റേറ്റ്മെന്റ് നല്‍കാന്‍ സെന്‍ട്രല്‍ പോലിസ് സ്റേഷനിലെത്തണമെന്ന് എസ്.ഐ. ആവശ്യപ്പെട്ടത്. ജോലികഴിഞ്ഞു വരാമെന്നറിയിച്ചപ്പോള്‍ അതുമതിയെന്നും അദ്ദേഹം ഉദാരനായി.
സ്റേഷനിലെത്തിയ എന്നെ അറസ്റ് ചെയ്തപ്പോഴാണ് ഗൂഢാലോചന വ്യക്തമായത്. അസിസ്റന്റ് കമ്മീഷണര്‍ക്കും മറ്റും ഉന്നതോദ്യോഗസ്ഥരില്‍ നിന്നു വ്യക്തമായ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ ലഭിക്കുന്നുണ്ടായിരുന്നു. ഭാര്യയും ഒന്നാം ക്ളാസുകാരനായ മകനും വീട്ടിലൊറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ അലട്ടി. ഭാര്യയെ ഒന്നു വിളിച്ചറിയിക്കാന്‍ പോലും പോലിസ് എന്നെ അനുവദിച്ചില്ല. എന്റെ ഫോണില്‍ ഭാര്യയുടെ കോള്‍ വന്നിട്ടും എനിക്കത് അറ്റന്റ് ചെയ്യാനനുമതിയുണ്ടായില്ല. പിറ്റേന്നു വൈകീട്ട് എന്നെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന്, ജുഡീഷ്യല്‍ കസ്റഡിയില്‍ എറണാകുളം സബ്ജയിലില്‍ റിമാന്റിലായി.
ഞാനും കൂട്ടുപ്രതി അബ്ദുസ്സലാമും 150 ചതുരശ്ര അടി വരുന്ന രണ്ടു സെല്ലുകളില്‍ അടയ്ക്കപ്പെട്ടു. നാലുപേര്‍ക്കു മാത്രം കഴിയാന്‍ സൌകര്യമുള്ള അവിടെ എപ്പോഴും പത്തും പന്ത്രണ്ടും പേരുണ്ടായിരുന്നു. എന്റെ സെല്ലിന്റെ ഉയരത്തിലുള്ള കൊച്ചു വെന്റിലേഷനിലൂടെ ഹൈക്കോടതി മന്ദിരത്തിന്റെ ഒരു ഫ്രെയിം കാഴ്ച ദൃശ്യമായിരുന്നു. സ്ഥിരം കുറ്റവാളികളും വിചാരണത്തടവുകാരുമായ റിമാന്റ് പ്രതികള്‍ക്കെല്ലാം ഞങ്ങളോടു വളരെ അനുതാപമുണ്ടായിരുന്നു. ഒരാള്‍ എനിക്ക് മുണ്ടും മറ്റൊരാള്‍ തോര്‍ത്തും തന്നു. ഞാന്‍ മുണ്ടുമാറി മുഖം കഴുകിവന്ന് ചമ്രം പടിഞ്ഞിരുന്നു. വേറെയില്ല എന്ന ക്ഷമാപണത്തോടെ കൈയിലുണ്ടായിരുന്ന ഒരേയൊരു സിഗരറ്റിനു തീ കൊളുത്തി.
പിന്നീട് അവര്‍ വാങ്ങിവച്ചിരുന്ന അത്താഴം പങ്കുവച്ചു. വെറും നിലത്ത് പാന്റ്സും ഷര്‍ട്ടും മടക്കിവച്ചു തലയണയാക്കി കിടന്നു. സെല്ലിലെ 24 മണിക്കൂറും എരിയുന്ന സി.എഫ്.എല്‍. കെടാവിളക്ക്. തലേന്നു മുതലുള്ള നിദ്രാഭംഗത്തിന്റെ പരിക്ഷീണതയില്‍ സ്വപ്നങ്ങളില്ലാത്ത ഐഹിക നിദ്ര.
എറണാകുളം സബ്ജയിലില്‍ എ. വാസു, കെ.പി.ഒ. റഹ്മത്തുള്ള, റെനി ഐലിന്‍, ഷബ്നാ സിയാദ്, എന്‍.സി.എച്ച്.ആര്‍.ഒ. കോഴിക്കോട് ജില്ലാ ഭാരവാഹികളായ അബ്ദുല്‍റഷീദ്, അബ്ദുസ്സസലാം തുടങ്ങിയവര്‍ കാണാനെത്തി. തുടര്‍ന്ന്, അവര്‍ പത്രസമ്മേളനം നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ ജെ. ദേവിക, കരമന അശ്റഫ് മൌലവി, ജാര്‍ഖണ്ഡില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മേഘനാഥ്, കാന്താ മേഘനാഥ് തുടങ്ങിയവര്‍ ധര്‍ണ നടത്തി. മട്ടാഞ്ചേരി സബ്ജയിലില്‍ പോരാട്ടം കണ്‍വീനര്‍ അഡ്വ. പി.ജെ. മാനുവല്‍ സന്ദര്‍ശിച്ചു.
ഒട്ടേറെപ്പേര്‍ക്ക് രണ്ടിടത്തും സന്ദര്‍ശനാനുമതി നിഷേധിച്ചു. ജനകീയ മനുഷ്യാവകാശപ്രസ്ഥാനം കണ്‍വീനര്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, വിപ്ളവ സ്ത്രീവാദി പ്രസ്ഥാനം കണ്‍വീനര്‍ വി.സി. ജെന്നി തുടങ്ങിയവരതിലുള്‍പ്പെടുന്നു.
അറസ്റ് നടന്ന ഉടനെ പ്രത്യേക ദൂതന്‍ വഴി എന്റെ ഓഫിസില്‍ പോലിസ് വിവരമറിയിച്ചു. അടിയന്തര സസ്പെന്‍ഷന്‍ ഓര്‍ഡറായി. 1982 ആഗസ്ത് 15ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തിരുവനന്തപുരത്ത് പതാകയുയര്‍ത്തുന്ന പരിപാടിയില്‍ ദേശീയപതാക കത്തിച്ച സംഭവത്തില്‍ അറസ്റ് ചെയ്യപ്പെട്ട ഒരുദ്യോഗസ്ഥന്‍ -ജി പ്രസന്നന്‍- കെ.എസ്.എഫ്.ഇയിലുണ്ടായിരുന്നു. ഈയിടെ അദ്ദേഹം റിട്ടയര്‍ ചെയ്തു.
എനിക്കെതിരേ ചുമത്തിയതിലും ഗൌരവമാര്‍ന്ന ദേശദ്രോഹപരമായ കുറ്റമാണ് അദ്ദേഹത്തിനെതിരേ ചാര്‍ജ് ചെയ്തത്. അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. എന്നാല്‍, ഒരു മെമ്മോ പോലും അദ്ദേഹത്തിനു നല്‍കിയില്ല. അന്നും ഇടതു മാനേജ്മെന്റായിരുന്നു ഭരണത്തില്‍. ജി. പ്രസന്നനും ഇടതു യൂനിയന്‍ അംഗമായിരുന്നു. ഞാനും ഇടതു യൂനിയനംഗവും ഒരു ഘട്ടത്തില്‍ യൂനിറ്റ് കണ്‍വീനറും കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പ്രത്യേക പ്രതിനിധിയുമൊക്കെയായിരുന്നു. ബംഗാളില്‍ നിന്നു വാര്‍ത്തകളൊന്നുമില്ല എന്ന എന്റെ പുസ്തകം പുറത്തിറങ്ങിയതോടെ യൂനിയന് ഞാന്‍ അനഭിമതനായി. സി.ആര്‍. നീലകണ്ഠന്റെ കെല്‍ട്രോണിലെ സ്ഥലംമാറ്റ വിവാദവുമായി ബന്ധപ്പെട്ട് തേജസ് ആഴ്ചവട്ടത്തില്‍ നീലകണ്ഠനുമായി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ "പിണറായി കളവു നടത്തിയതിന് വി.എസിനെ ശിക്ഷിച്ചതെന്തിന്'' എന്ന ലാവ്ലിന്‍ പരാമര്‍ശം വലിയ വിവാദമായിരുന്നു.
ജയിലില്‍ എന്നെക്കാണാന്‍ വന്ന ബന്ധുജനങ്ങള്‍ കൊണ്ടുവന്ന മരുന്നുകളും നിത്യോപയോഗ സാധനങ്ങളും തടഞ്ഞുവയ്ക്കുക, പലരെയും കാണാനനുവദിക്കാതിരിക്കുക, സുഹൃത്തുക്കള്‍ കൊണ്ടുവന്ന പത്രമാസികാദികള്‍ തരാതിരിക്കുക തുടങ്ങിയ പല മാനസികപീഡനങ്ങളുമുണ്ടായി. കൂട്ടുപ്രതിക്ക് നോമ്പനുഷ്ഠിക്കുന്നതിനു ജയിലില്‍ മതചടങ്ങുകള്‍ നിര്‍വഹിക്കാനുള്ള സൌകര്യങ്ങളറിയാന്‍ സൂപ്രണ്ടിനോട് ജയില്‍ മാന്വലാവശ്യപ്പെട്ടത് അദ്ദേഹത്തിനു രസിച്ചില്ല. തുടര്‍ന്ന്, എന്നെ ശല്യക്കാരനായ തടവുകാരനായി ഗണിച്ച് മട്ടാഞ്ചേരിയിലേക്കു മാറ്റി. അവിടെ 31 ദിനങ്ങള്‍ കഴിഞ്ഞു. അതില്‍ 21 ദിവസം അപായകരമായ മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളയാളുടെ സെല്ലിലിട്ടു. ജയിലില്‍ നിന്നു കോടതിയില്‍ കൊണ്ടുപോവുമ്പോള്‍ കൈയാമം വച്ചതിനെ, പ്രേംശങ്കര്‍ ശുക്ള വേഴ്സസ് ഡല്‍ഹി അഡ്മിനിസ്ട്രേഷന്‍ എന്ന കേസിലെ പൊതുപ്രവര്‍ത്തകരെ കൈയാമം വയ്ക്കരുത് എന്ന ജസ്റിസ് കൃഷ്ണയ്യരുടെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയിട്ടും ഞങ്ങളെ കൈയാമം വച്ചാണ് കോടതിയില്‍ കൊണ്ടുപോയത്.
ചെറുപ്പം മുതലേ പൊതുപ്രവര്‍ത്തനത്തില്‍ വ്യാപൃതനായ എനിക്ക് അടുത്ത് പരിചയവും സൌഹൃദവും ബന്ധവുമുള്ള ഡസന്‍ കണക്കിനു സാംസ്കാരിക- സാമൂഹികപ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്. അവരില്‍ പലരെയും ഞാന്‍ സിവില്‍ സമൂഹത്തിലെ ജനാധിപത്യ -പൌരാവകാശ ഉണര്‍വുകളുടെ പതാകവാഹകരായി ബഹുമാനിച്ചിരുന്നു. എന്റെ പ്രശ്നത്തില്‍ പക്ഷേ, കേരളത്തിലെ പൊതുസമൂഹം അതിശയകരവും നിരാശാജനകവുമായ ഉദാസീനതയും അലംഭാവവും പുലര്‍ത്തി. എന്നാല്‍, അപ്രതീക്ഷിതമായി, നേരില്‍ പരിചയമില്ലാത്ത ജെ. ദേവിക, കെ. സച്ചിദാനന്ദന്‍, ബോബി കുഞ്ഞു തുടങ്ങിയ പല പ്രമുഖരും എന്റെ കാര്യത്തില്‍ താല്‍പ്പര്യവും നിലപാടുമെടുത്തത് ഹൃദയത്തില്‍ തട്ടുന്ന അനുഭവമായി. ഭരണകൂട ഭീകരതയ്ക്കു മുമ്പില്‍ ഭയപ്പെട്ട് എന്റെ കാര്യത്തില്‍ സംഭവിച്ച അനീതിക്കെതിരേ നിശ്ശബ്ദത പാലിച്ച, മനുഷ്യാവകാശമടക്കം വിവിധ മേല്‍വിലാസം പേറുന്ന 'പൊതുപ്രവര്‍ത്തകര്‍' നമ്മുടെ നാട്ടില്‍ സുലഭമായുള്ളപ്പോള്‍ എന്തിനാണു നമുക്കിനി അടിയന്തരാവസ്ഥകള്‍!
എന്‍ എം സിദ്ധീക്ക് ,
(കടപ്പാട് : തേജസ് ദ്വൈ വവാരിക , ഒക്ടോബര്‍ 2010)
തുടര്‍ വായനക്ക്
Selective Amnesia: The case of N M Siddique in Kerala : N P Chekkutty, Counter Media